എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്കെതിരായ പൊലീസ് നടപടി വൈകുന്നു, വിമർശനം ശക്തം

നാളെ ഹർജി കോടതി പരിഗണിച്ചാലും വിധി പറയാൻ സാധ്യതയില്ല
എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്കെതിരായ പൊലീസ് നടപടി വൈകുന്നു, വിമർശനം ശക്തം
Published on

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പി.പി. ദിവ്യക്കെതിരായ പൊലീസ് നടപടി വൈകുന്നു. മുൻ‌കൂർ ജാമ്യ ഹർജിയിൽ കോടതി വിധിക്ക് ശേഷം ദിവ്യയെ ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് പൊലീസ്. നാളെ ഹർജി കോടതി പരിഗണിച്ചാലും വിധി പറയാൻ സാധ്യതയില്ല.

പ്രതിഷേധങ്ങൾക്ക് ഒടുവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് പി.പി. ദിവ്യയോട് സ്ഥാനം രാജിവെക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ദിവ്യ രാജി സമർപ്പിച്ചു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ, ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി കളക്ടർ അരുൺ കെ. വിജയന്റെയും, കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെയും, വിവാദ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെയും ഉൾപ്പെടെ മൊഴിയെടുത്തു. പക്ഷേ ഭാരതീയ ന്യായ സംഹിതയിലെ 108 ആം വകുപ്പായ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യക്കെതിരെ ഒരു നടപടിയും പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല.

ALSO READ: സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം; നവീനെ കുരുക്കാന്‍ മനഃപൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളെന്ന് ബന്ധു

ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജിയിൽ തലശേരി സെഷൻസ് കോടതിയുടെ വിധി വന്നതിനു ശേഷം നടപടികളിലേക്ക് കടക്കാമെന്നാണ് പൊലീസിന്റെ നിലപാട്. അനുബന്ധ മൊഴികൾ ശേഖരിക്കുകയാണെന്നും പൊലീസ് പറയുന്നു. ദിവ്യ ഒളിവിലാണെന്നും ബന്ധു വീടുകളിൽ ഉൾപ്പെടെ അന്വേഷണം തുടരുന്നെന്നും പറയുമ്പോഴും ദിവ്യയുടെ അറസ്റ്റ് പരമാവധി നീട്ടുകയാണ് പൊലീസ്. നാളെ തലശേരി സെഷൻസ് കോടതി മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിച്ചാലും വിധി പറയാൻ സാധ്യതയില്ല. പകരം പൊലീസിൻ്റെ റിപ്പോർട്ട് തേടും. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാവും വിധി പറയുക. ഇതിന് ശേഷമാകും പൊലീസ് നടപടികളിലേക്ക് കടക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com