
എഡിഎമ്മിൻ്റെ മരണത്തിൽ പ്രതികരണവുമായി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. വിധി പകർപ്പിലുള്ളത് മൊഴിയുടെ പൂർണ വിവരങ്ങളല്ലെന്നും, അന്വേഷണം നടക്കുന്നതിനാൽ പരസ്യപ്രസ്താവനകൾ നടത്താൻ പറ്റില്ലെന്നും കളക്‌ടർ വ്യക്തമാക്കി. പ്രധാനപ്പെട്ട വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവരട്ടെയെന്നും കളക്ടർ പ്രതികരിച്ചു.
അതേസമയം പ്രശാന്തിനെയും കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നവീൻ ബാബുവിൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രശാന്തിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കണ്ണൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൂടാതെ റിമാൻഡിൽ കഴിയുന്ന ദിവ്യ ഇന്ന് ജാമ്യ ഹർജി നൽകും. ദിവ്യക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിലുള്ളത്.
ജാമ്യാപേക്ഷ തള്ളുന്നതില്‍ കളക്ടറുടെ മൊഴിയാണ് ദിവ്യക്ക് ഏറ്റവും തിരിച്ചടിയായത്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിയിരുന്നു. വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ജാമ്യം കൊടുക്കുന്നത് തെറ്റായ സന്ദേശമാണെന്നും വിധി പകര്‍പ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിറക്കി. ആത്മഹത്യാപ്രേരണ കുറ്റമാണ് പി.പി. ദിവ്യക്ക് മേൽ ചുമത്തിയിട്ടിള്ളത്. ആരോപണം ഉയർന്നതിന് പിന്നാലെ ദിവ്യയെ പാർട്ടി ഇടപെട്ട് ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.
ഇതിനു പിന്നാലെ ഒളിവിൽ പോയ പി.പി. ദിവ്യയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷം ഹാജരാവുന്ന കാര്യം തീരുമാനിക്കാം എന്നായിരുന്നു ഇവരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇന്നലെ ദിവ്യ പൊലീസിൽ കീഴടങ്ങുകയായിരുന്നു.