കണ്ണൂരില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; ഭാര്യക്കും കുടുംബത്തിനുമെതിരെ ആരോപണം

താഴ്ന്ന ജാതിയില്‍ പെട്ടയാള്‍ എന്ന് പറഞ്ഞ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നെന്നും ഇതായിരുന്നു തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും എന്നും കുടുംബം
കണ്ണൂരില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; ഭാര്യക്കും കുടുംബത്തിനുമെതിരെ ആരോപണം
Published on

കണ്ണൂര്‍ കുന്നുംകൈയില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യക്കും വീട്ടുകാര്‍ക്കുമെതിരെ കുടുംബം. ഫെബ്രുവരി 27നാണ് ചിറക്കല്‍ കുന്നുംകൈയിലെ വീട്ടില്‍ അക്ഷയ് (27) തൂങ്ങി മരിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള സമ്മര്‍ദം താങ്ങാനാവാതെയാണ് അക്ഷയ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. താഴ്ന്ന ജാതിയില്‍പെട്ടയാളെന്ന് പറഞ്ഞാണ് വിവാഹ മോചനം ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.


വിവാഹമോചനം ആവശ്യപ്പെട്ടും ജാതിപ്പേര് പറഞ്ഞും ഭാര്യയും വീട്ടുകാരും നിരന്തരം മകനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇത് സഹിക്കാനാവാതെയാണ് മരണമെന്നുമാണ് അക്ഷയ്‌യുടെ മാതാപിതാക്കളുടെ പരാതി. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അക്ഷയും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അച്ഛന്‍ അംഗജന്‍ പറയുന്നു.


താഴ്ന്ന ജാതിയില്‍ പെട്ടയാള്‍ എന്ന് പറഞ്ഞ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നെന്നും ഇതായിരുന്നു തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും അംഗജന്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഇഷ്ടത്തിലായിരുന്ന ഇവര്‍ കോടതി നിര്‍ദേശപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പെണ്‍കുട്ടി സ്വന്തം വീട്ടുകാരുമായി വീണ്ടും അടുത്തതോടെ പ്രശ്നങ്ങള്‍ തുടങ്ങിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് ശേഷമാണ് വിവാഹമോചനം ആവശ്യപ്പെട്ട് തുടങ്ങിയതെന്നാണ് പരാതി.


പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് സഹപ്രവര്‍ത്തകരും അക്ഷയില്‍ നിന്ന് വിവാഹമോചനം നേടാന്‍ നിര്‍ബന്ധിച്ചെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. ആകെയുണ്ടായിരുന്ന ആശ്രയമായിരുന്ന മകനെ ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചവര്‍ക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കുമടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Related Stories

No stories found.
News Malayalam 24x7
newsmalayalam.com