
കാട്ടാനയിറങ്ങിയ വിവരം അറിയിച്ച നാട്ടുകാരോട് വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ വിചിത്ര മറുപടി. ജീപ്പിൽ ഡീസൽ ഇല്ലെന്നും ഡീസൽ അടിക്കാൻ സർക്കാർ പണം നൽകുന്നില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. ഇടുക്കി മറയൂർ കാന്തല്ലൂരിലാണ് സംഭവം.
വിമുക്ത ഭടനായ പ്രതീഷിൻ്റെ കാന്തല്ലൂരിലെ റിസോർട്ടിൽ ഇന്നലെ രാത്രി കാട്ടാനയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനിടെയാണ് പയസ് നഗർ ഫോറസ്റ്റ് ഓഫീസിലെ വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ വിചിത്ര മറുപടി ഉണ്ടായത്. വനം വകുപ്പിൻ്റെ ജീപ്പിന് ഡീസൽ അടിക്കാൻ പണമില്ലെന്നായിരുന്നു ഫോണിലൂടെയുള്ള മറുപടി.
ഇതിനെതിരെ വൈകാരികമായാണ് പ്രതീഷ് പ്രതികരിച്ചത്. പ്രതീഷിൻ്റെ റിസോർട്ടിൻ്റെ ഗേറ്റും ഇരുമ്പ് വേലികളും കാട്ടാനകൾ തകർത്തു. രാത്രി എത്തിയ കാട്ടാന ഇന്ന് പുലർച്ചെയാണ് പരിസരത്ത് നിന്ന് പോയത്. പ്രദേശത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ തുടങ്ങിയ മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. പകൽ സമയത്തു പോലും കാട്ടാനകൾ റോഡിൽ ഇറങ്ങുന്നത് പതിവാണ്. കാന്തല്ലൂർ മറയൂർ മേഖലയിലെ ഓണം വിപണി ലക്ഷ്യമാക്കി കൃഷിചെയ്ത പച്ചക്കറികൃഷി ഉൾപ്പെടെ കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. ഇന്ന് രാവിലെ കാട്ടാന ഗേറ്റ് തകർത്ത റിസോർട്ടിൽ പരിശോധനയ്‌ക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ രണ്ടുമണിക്കൂർ നേരം തടഞ്ഞുവെച്ചു.
കാട്ടാനകളെ വനത്തിലേക്ക് മടക്കി അയക്കാമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് സിപിഎം ഏരിയ സെക്രട്ടറി എ.എസ്. ശ്രീനിവാസൻ അടക്കമുള്ളവർ പറഞ്ഞു. നാട്ടുകാരോട് മോശമായി പെരുമാറിയാൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.