
വ്യായാമ മുറയായ മെക്ക് സെവനെതിരെ വീണ്ടും കാന്തപുരം വിഭാഗം. മത മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യായാമ മുറകൾക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം എപി വിഭാഗം മുശാവറ യോഗം പറഞ്ഞു. സ്ത്രീ പുരുഷ ഇടകലരലും മത വിരുദ്ധ പ്രവർത്തനം ഉൾക്കൊള്ളുന്ന വ്യായാമമുറകളെ അംഗീകരിക്കാനാകില്ലെന്നും യോഗം വ്യക്തമാക്കി.
അതേ സമയം മത നിയമങ്ങള്‍ക്ക് വിധേയമായ വ്യായാമം വിരോധിക്കപ്പെട്ടതല്ലെന്നും മുശാവറ യോഗം പറഞ്ഞു.സുന്നീ വിശ്വാസികള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രതപുലര്‍ത്തി പൂര്‍വ്വീക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകെ പിടിക്കണം പ്രസിഡൻ്റ് ഇ. സുലൈമാന്‍ മുസ്ലിയാർ, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
മെക് സെവൻ കൂട്ടായ്മ ഈയിടെ ഏറെ ചൂടുപിടിച്ച ചർച്ചാവിഷയമായി മാറിയിരുന്നു. സിപിഎമ്മും, കാന്തപുരം സുന്നി വിഭാഗവും മെക്-സെവന് എൻഡിഎഫ്- പിഎഫ്ഐ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു.വിവാദങ്ങൾക്കിടെ മെക് സെവനെ അനുകൂലിച്ച് സിപിഐ മുഖപത്രം രംഗത്തെത്തിയിരുന്നു.
ആരോഗ്യ സംരക്ഷണത്തിന് 21 മിനിറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് –സെവൻ അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ.