"സ്ത്രീകൾ യാത്ര പോകുമ്പോൾ ബന്ധുവായ പുരുഷൻ കൂടെ വേണമെന്ന് ഇസ്‌ലാം പറയുന്നുണ്ട്"; നബീസുമ്മയ്‌‌ക്കെതിരായ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം

സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷന്മാർ കൂടെയുണ്ടാകുന്നതാണ് പതിവ്. ഭർത്താവോ സഹോദരനോ പിതാവോ കൂടെയുണ്ടാകുന്നതാണ് ഉചിതമെന്നും എപി അബൂബക്കർ മുസ്ലിയാർ ഡൽഹിയിൽ പറഞ്ഞു.
"സ്ത്രീകൾ യാത്ര പോകുമ്പോൾ ബന്ധുവായ പുരുഷൻ കൂടെ വേണമെന്ന് ഇസ്‌ലാം പറയുന്നുണ്ട്"; നബീസുമ്മയ്‌‌ക്കെതിരായ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം
Published on

കോഴിക്കോട് സ്വദേശിനി നബീസുമ്മ മക്കളോടൊപ്പം മണാലിയില്‍ ടൂര്‍ പോയതിനെതിരായ മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷന്മാർ കൂടെയുണ്ടാകുന്നതാണ് പതിവ്. ഭർത്താവോ സഹോദരനോ പിതാവോ കൂടെയുണ്ടാകുന്നതാണ് ഉചിതമെന്നും എപി അബൂബക്കർ മുസ്ലിയാർ ഡൽഹിയിൽ പറഞ്ഞു.

ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് കാന്തപുരം പറഞ്ഞു. യാത്ര പോകുമ്പോൾ ബന്ധുവായ പുരുഷൻ കൂടെ വേണം എന്ന് ഇസ്‌ലാം പറയുന്നുണ്ട്. വിഷയത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് നിങ്ങളുടെ ഭാര്യയെ നിങ്ങൾ ഒറ്റയ്ക്ക് വിടാറില്ലല്ലോയെന്ന മറുചോദ്യമായിരുന്നു അബൂബക്കർ മുസ്ലിയാരുടെ മറുപടി. ഒറ്റയ്ക്ക് പോകാറുണ്ട് എന്ന് മാധ്യമപ്രവർത്തകൻ ഉത്തരം നൽകി. എന്നാൽ അത് ചിലയിടത്ത് മാത്രം നടക്കുന്ന കാര്യമാണെന്നായിരുന്നു അബൂബക്കർ മുസ്ലിയാരിൻ്റെ പക്ഷം. 

ഭര്‍ത്താവ് മരിച്ച സ്ത്രീ യാത്രകളൊന്നും പോകാതെ പ്രാര്‍ത്ഥനയുമായി ഇരിക്കണമെന്ന സമസ്ത എ.പി വിഭാഗം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ഇബ്രാഹിം സഖാഫി പുഴക്കാട്ടേരിയാണ് പ്രസ്താവന കൊണ്ട് പുലിവാല് പിടിച്ചത്. 25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച കോഴിക്കോട് സ്വദേശിനി നബിസുമ്മ മക്കളോടൊപ്പം മണാലിയില്‍ ടൂര്‍ പോയതിനെയാണ് സഖാഫി വിമര്‍ശിച്ചത്. ദിഖ്‌റും സ്വലാത്തും ചൊല്ലി വീട്ടിലിരിക്കേണ്ട പ്രായത്തില്‍ ടൂര്‍ പോയതും പോരാ, കൂട്ടുകാരികളെ കൂടി വിളിക്കുന്നു എന്നായിരുന്നു സഖാഫിയുടെ പ്രതികരണം.


സഖാഫിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് തിരികൊളുത്തിയത്. ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ പോറ്റി വളര്‍ത്തിയ നബിസുമ്മ, ഒരു ടൂര്‍ പോയതിനാണോ ഒരാള്‍ ഇത്രയും പറയുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു. സഖാഫിക്കെതിരെ നബീസുമ്മയുടെ മകളും പ്രതികരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നായിരുന്നു മകള്‍ ജിഫ്‌നയുടെ ചോദ്യം. ഉസ്താദിന്റെ വാക്കുകള്‍ ഉമ്മയ്ക്ക് ഏറെ പ്രയാസമുണ്ടാക്കിയെന്നും മകള്‍ പറയുന്നു. എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഉമ്മ കരയുകയാണെന്നും യാത്ര പോയതിന്റെ സന്തോഷം മുഴുവന്‍ പോയെന്നും മകള്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com