കൻവാർ യാത്ര വിവാദ ഉത്തരവ്; സുപ്രീം കോടതി വിധിക്കെതിരെ നിവേദനവുമായി ഉത്തർപ്രദേശ് സർക്കാർ

കൻവാർ തീർഥാടകരുടെ പ്രത്യേക പരാതികൾ പരിഗണിച്ചാണ് ഈ നിർദ്ദേശം കൊണ്ടുവന്നതെന്നാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ അവകാശവാദം
കന്‍വാര്‍ യാത്ര
കന്‍വാര്‍ യാത്ര
Published on

കന്‍വാര്‍ യാത്രാ പാതകളിലെ ഭക്ഷണശാലകൾ ഉടമകളുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ ഹർജികളെ പൂർണമായും തള്ളി ഉത്തർപ്രദേശ് സർക്കാർ രംഗത്തെത്തി. സമാധാനപരവും ചിട്ടയായതുമായ തീർഥാടനം ഉറപ്പാക്കാനാണ് നിർദേശം പുറപ്പെടുവിച്ചതെന്ന് ചൂണ്ടികാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പേര് പ്രദര്‍ശിപ്പിക്കാൻ നിർബന്ധിക്കാനാകില്ലെന്നും ഉത്തരവ് നൽകാൻ പൊലീസിന് അധികാരമില്ലെന്നും കാട്ടി വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

കൻവാർ തീർഥാടകരുടെ പ്രത്യേക പരാതികൾ പരിഗണിച്ചാണ് ഈ നിർദ്ദേശം കൊണ്ടുവന്നതെന്നാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ അവകാശവാദം. യാത്രാമധ്യേ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് തീർഥാടകർ ആശങ്ക ഉന്നയിച്ചിരുന്നു. ഇത് പൂർണമായും വെജിറ്റേറിയനും സാത്വികവുമായിരിക്കണെമെന്നുമായിരുന്നു തീർഥാടകരുടെ പക്ഷം. മതപരമായ ആചാരങ്ങൾക്കനുസൃതമായുള്ള തീരുമാനമായിരുന്നിതെന്നും സംസ്ഥാന സർക്കാർ പറയുന്നു.

അതേസമയം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് തുല്യാവകാശത്തിന് വിരുദ്ധമാണെന്നും അമിതാധികാര പ്രയോഗമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി പരാമർശം. തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ് പൊലീസിന്റെ ഉത്തരവ്. പൊലീസല്ല ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഹോട്ടലുകള്‍ക്ക് ഉത്തരവ് നല്‍കേണ്ടതെന്നും കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേരല്ല പകരം എന്തുതരം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നും സുപ്രീം കോടതി വാദത്തിനിടെ വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ് റോയി, എസ്.എന്‍.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. 

കൻവാരിയകൾ എന്നറിയപ്പെടുന്ന ശിവഭക്തർ ഗംഗാ നദിയിൽ നിന്ന് ജലം കൊണ്ടുവരാനായി നടത്തുന്ന തീർത്ഥാടനമാണ് കൻവാർ യാത്ര. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ഈ തീർഥാടനത്തിൽ പങ്കെടുക്കുന്നത്. ജൂലൈ 19 നാണ് ശിവഭക്തരുടെ കൻവാർ യാത്ര നടക്കുന്ന പാതകളിൽ ഭക്ഷണശാലകളുടെ ഉടമകൾ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവ് യുപി സര്‍ക്കാർ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ ഉത്തരാഖണ്ഡ് സർക്കാരും ഇതേ നിർദേശം മുന്നോട്ട് വെച്ചു. വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഭരണപക്ഷ നേതാക്കളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com