കരിപ്പൂർ വിമാന ദുരന്തത്തിന്‍റെ അവശേഷിപ്പുകള്‍ നീക്കുന്നു; എയർ ഇന്ത്യാ എക്സ്‌പ്രസിന്‍റെ ഭാഗങ്ങൾ ഡല്‍ഹിയിലേക്ക് കൊണ്ടുപൊകും

2020 ഓഗസ്റ്റ് ഏഴിനാണ് കേരളത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്
കരിപ്പൂർ വിമാന ദുരന്തത്തിന്‍റെ അവശേഷിപ്പുകള്‍ നീക്കുന്നു; എയർ ഇന്ത്യാ എക്സ്‌പ്രസിന്‍റെ ഭാഗങ്ങൾ ഡല്‍ഹിയിലേക്ക് കൊണ്ടുപൊകും
Published on

കരിപ്പൂർ വിമാന ദുരന്തത്തിന് കാരണമായ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൻ്റെ ഭാഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നു. 21 പേർ മരിക്കാനിടയായ അപകടത്തിൽ മൂന്ന് കഷണങ്ങളായ വിമാനം മൂന്ന് ലോറികളിലാണ് ഡൽഹിയിലേക്ക് മാറ്റുന്നത്. ഇൻഷുറൻസ് നടപടികൾ പൂർത്തിയായാൽ യന്ത്ര ഭാഗങ്ങൾ ഡൽഹിയിലെ ഏവിയേഷൻ പഠന വിഭാഗത്തിലേക്കു മാറ്റും.

2020 ഓഗസ്റ്റ് ഏഴിനാണ് കേരളത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. ദുബായിൽ നിന്ന് 184 യാത്രക്കാരും ആറു ജീവനക്കാരുമായി കരിപ്പൂരിലെത്തിയ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനം റൺവേയിൽ നിന്നു തെന്നിമാറി സുരക്ഷാ മേഖലയും പിന്നിട്ട് 35 മീറ്ററോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. മൂന്നായി പിളർന്ന വിമാനത്തിൻ്റെ മുഖ്യ പൈലറ്റ് ദീപക് വസന്ത്സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരും 19 യാത്രക്കാരും ഉൾപ്പെടെ 21 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. 150 ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തകർന്ന വിമാന ഭാഗങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ പ്രത്യേകം സ്‌ഥലമൊരുക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണു കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ലോറികളിൽ കയറ്റി ഡൽഹിയിലേക്കു കൊണ്ടുപോകുന്നത്. സ്വകാര്യ കമ്പനിക്കാണു ഡൽഹിയിൽ എത്തിക്കുന്നതിനുള്ള ചുമതല. ലോറികളിൽ കൊണ്ടുപോകാൻ കഴിയാത്ത ശേഷിക്കുന്ന ഭാഗങ്ങൾ എന്തു ചെയ്യണമെന്നു പിന്നീട് തീരുമാനിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com