
കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സ്ത്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ബെംഗളൂരു പൊലീസിനോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.
കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ 17കാരിയായ തന്റെ മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ മാർച്ച് 14 നാണ് യുവതി പരാതി നൽകിയത്. കേസിൽ അന്വേഷണം തുടങ്ങി രണ്ടുമാസങ്ങൾക്കിപ്പുറം പരാതിക്കാരിയായ യുവതി മരിക്കുകയായിരുന്നു. ഇവർ അർബുദബാധിതയായിരുന്നു എന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
ALSO READ: ലൈംഗികാതിക്രമക്കേസിൽ ബിഎസ് യെഡ്യൂരപ്പയെ അറസ്റ്റ് ചെയ്യരുത്; കര്‍ണാടക ഹൈക്കോടതി
എന്നാല്‍ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ അധികൃതർ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി മകനും ചില സംഘടനകളും പരാതി നൽകിയതോടെയാണ് കർണാടക വനിതാ കമ്മീഷൻ്റെ ഇടപെടൽ. സ്ത്രീയുടെ മരണത്തിലും മൃതദേഹം സംസ്കരിച്ചതിലും സംശയം പ്രകടിപ്പിച്ചാണ് വനിതാ കമ്മീഷൻ കത്തയച്ചിരിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബെംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടു.
2024 ഫെബ്രുവരി രണ്ടിന് മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ യെദ്യൂരപ്പ പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. തുടർന്ന് യെദ്യുരപ്പയ്‌ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആരോപണങ്ങൾ തള്ളിയ യെദ്യൂരപ്പ ഇത് ഗൂഢാലോചന ആണെന്ന് നിലപാടെടുത്തു.
സംസ്ഥാന സിഐഡിയാണ് കേസ് അന്വേഷിക്കുന്നത്. ജൂലൈ 25 ന് സമർപ്പിച്ച കുറ്റപത്രത്തിൽ യെദ്യൂരപ്പക്കെതിരായ ആരോപണങ്ങൾ സിഐഡി ശരിവെച്ചിരുന്നു. പീഡനത്തിന് പിന്നാലെ അമ്മയ്ക്കും മകൾക്കും പൈസ കൊടുത്ത് കേസ് ഒതുക്കിതീർക്കാനും യെദ്യൂരപ്പ നീക്കം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അതിനിടെയാണ് ഇരയ്ക്ക് വേണ്ടി പരാതി നൽകിയ മാതാവ് മരിച്ചത്.