2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് ആദിശേഖറിനെ കാറിടിച്ച് കൊന്നത്
തിരുവനന്തപുരം കാട്ടാക്കടയില്‍ നാടിന്റെ നോവായിരുന്നു ആദിശേഖര്‍. 2023 ആഗസ്റ്റ് 30നാണ് പ്രതി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. ആദിശേഖറിന്റെ ബന്ധു കൂടിയായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി. പ്രിയരഞ്ജന് ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപയുമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി ശിക്ഷയായി വിധിച്ചത്.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
അപകട മരണമെന്ന് വിധിയെഴുതേണ്ടിയിരുന്ന സംഭവത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. ആദിശേഖറിനെ പ്രതി കാറിടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞു. പതിനഞ്ചുകാരനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. വൈരാഗ്യത്തിന് കാരണമായത്, ക്ഷേത്ര മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖര്‍ ചോദ്യം ചെയ്തതും.
Also Read: ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് ജീവപര്യന്തവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ
2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് ആദിശേഖറിനെ കാറിടിച്ച് കൊന്നത്. ക്ഷേത്ര ഗ്രൗണ്ടില്‍ നിന്ന് കളി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടമരണമെന്ന രീതിയിലായിരുന്നു ആദ്യം പോലീസ് കേസെടുത്തത്. നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളായിരുന്നു.
നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടന്ന് ആദിശേഖറും കൂട്ടുകാരനും സൈക്കിളില്‍ മുന്നോട്ടുപോയതോടെ, നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഇത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞു. ആദിശേഖറിനെ ഇടിച്ചിട്ട് അതിവേഗത്തില്‍ കാര്‍ മുന്നോട്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതോടെയാണ്, കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതും കുടുംബം പരാതി നല്‍കിയതും.
കാറോടിച്ചിരുന്ന പ്രിയരഞ്ജനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കായിരുന്നു ആദ്യം കേസെടുത്തിരുന്നത്. പിന്നീട് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
പതിനഞ്ചുകാരനോട് മാസങ്ങള്‍ക്കു മുമ്പ് ഉണ്ടായ പക
കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുമ്പ് ആദിശേഖറും പ്രിയരഞ്ജനും തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രിയരഞ്ജന്‍ മദ്യപിച്ചെത്തി ക്ഷേത്ര മതിലില്‍ മൂത്രമൊഴിക്കുന്നത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രിയരഞ്ജന്‍ കുട്ടിയുമായി വഴക്കിട്ടു. ഈ പകയാണ് മാസങ്ങള്‍ക്കു ശേഷം കുട്ടിയെ കാറിടിച്ച് കൊന്ന് പ്രിയരഞ്ജന്‍ തീര്‍ത്തത്.
ഒളിവില്‍പോയ പ്രിയരഞ്ജനെ ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍നിന്നാണ് പോലീസ് പിടികൂടിയത്. പ്രിയരഞ്ജന് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വിധിയില്‍ തൃപ്തനാണെന്ന് ആദിശേഖറിന്റെ പിതാവ് പ്രതികരിച്ചു. പ്രോസിക്യൂഷനുമായി ആലോചിച്ച് മുന്നോട്ടുള്ള നിയമനടപടിയില്‍ തീരുമാനമെടുക്കുമെന്നും പിതാവ് പറഞ്ഞു.