എഡിജിപി- ആർഎസ്എസ് ഗൂഢാലോചന നിഗൂഢം; കൂടിക്കാഴ്ച നടന്നത് 'സന്ദേശം' കൈമാറാനെന്ന് കെ.സി. വേണുഗോപാല്‍

വയനാട് ദുരന്താനന്തരം നടക്കുന്ന പ്രാഥമിക പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിൻ്റെ നടപടികളിൽ വീഴ്ചകളുണ്ടെന്നും വേണുഗോപാല്‍ ആരോപിച്ചു
എഡിജിപി- ആർഎസ്എസ് ഗൂഢാലോചന നിഗൂഢം; കൂടിക്കാഴ്ച നടന്നത്  'സന്ദേശം' കൈമാറാനെന്ന് കെ.സി. വേണുഗോപാല്‍
Published on

തൃശൂർ പൂരം കലക്കാന്‍ എഡിജിപി എം.ആർ. അജിത് കുമാർ സംഘപരിവാറുമായി ഗൂഢാലോചന നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. തൃശൂർ പൂര വിവാദത്തില്‍ അന്വേഷച്ചുമതല എഡിജിപിയെ ഏൽപ്പിച്ചത് തെറ്റായ കാര്യമാണെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

പൊലീസിൽ സംഘപരിവാർവൽക്കരണം നടക്കുന്നുവെന്ന് പറഞ്ഞത് സിപിഐ നേതാവ് ആനി രാജയാണ്. എഡിജിപി- ആർഎസ്എസ് ഗൂഢാലോചന നിഗൂഢമായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. സന്ദേശം കൈമാറാനായിരിക്കും കൂടിക്കാഴ്ച നടന്നിട്ടുണ്ടാവുകയെന്ന് വേണുഗോപാല്‍ സംശയം ഉന്നയിച്ചു. സിപിഎം പോലൊരു പാർട്ടി എന്തിനാണ് ഇത്തരം സമീപനമെടുക്കുന്നത് എന്നറിയില്ല. സർക്കാർ ആർഎസ്എസ് ഡീൽ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

വയനാട് ദുരന്താനന്തരം നടക്കുന്ന പ്രാഥമിക പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിൻ്റെ നടപടികളിൽ വീഴ്ചകളുണ്ടെന്നും വേണുഗോപാല്‍ ആരോപിച്ചു. ഇത്ര വലിയൊരു ദുരന്തമുണ്ടായിട്ടും കേന്ദ്ര സർക്കാർ പ്രാഥമിക ആശ്വാസ തുക പോലും നൽകാത്തത് പ്രതിഷേധാർഹമാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. നടനും എംഎല്‍എയുമായ മുകേഷിനെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

തൃശൂർ പൂരം കലക്കിയ പ്രതി തന്നെയാണ് ആ കേസ് അന്വേഷിച്ചതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ആരോപണവിധേയനായ എഡിജിപി തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിനെ ലക്ഷ്യംവച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

Also Read: ADGP-RSS കൂടിക്കാഴ്ച: ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

അതേസമയം, പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്തുവച്ചു നടത്തിയ കൂടിക്കാഴ്ചയും, ദത്താത്രേ ഹൊസബല്ലെയുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് അന്വേഷിക്കുന്നത്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com