2025 ല്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് കെജ്‌രിവാൾ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിനൊപ്പമോ, ഇന്ത്യ മുന്നണിയിലെ മറ്റേതെങ്കിലും പാര്‍ട്ടിക്കൊപ്പമോ സഖ്യത്തിനില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ഒന്നിച്ച് മത്സരിച്ചെങ്കിലും കനത്ത നിരാശയായിരുന്നു ഫലം. ബിജെപി എല്ലാ സീറ്റിലും വിജയിച്ചു.
ഹരിയാന തെരഞ്ഞെടുപ്പിലും ആം ആദ്മിയും കോണ്‍ഗ്രസും ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇവിടെയും ബിജെപിക്കായിരുന്നു വിജയം.
അതേസമയം, കഴിഞ്ഞ ദിവസം പൊതുറാലിക്കിടെ മുഖത്ത് മലിനജലം ഒഴിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കെജ്‌രിവാള്‍ ആഞ്ഞടിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രമസമാധാനനിലയെ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവെച്ചപ്പോള്‍ അമിത് ഷാ നടപടിയെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പദയാത്രയ്ക്കിടയില്‍ താന്‍ ആക്രമിക്കപ്പെടുന്ന സംഭവമാണ് പകരം നടന്നത്. മുഖത്ത് ഒഴിച്ച ദ്രാവകം അപകടകാരിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഫലം. ഇതില്‍ എന്താണ് തന്റെ തെറ്റെന്നും കെജ്‌രിവാള്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം നടന്ന ആം ആദ്മിയുടെ പദയാത്രയ്ക്കിടെയാണ് കെജ്‌രിവാളിന്റെ മുഖത്ത് മലിനജലം ഒഴിച്ചത്. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥരും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് പിടികൂടിയത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആംദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.