
ഓണത്തിന് 4200 കോടി കടമെടുത്തതോടെ കേരളം ഡിസംബർ വരെയുള്ള പരിധി പിന്നിട്ടതായി റിപ്പോർട്ടുകൾ. അടുത്ത ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്തേക്കു നീക്കിവച്ച തുകയാണ് ഇപ്പോൾ എടുത്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
കേരള സർക്കാരിന്‍റെ ഔദ്യോഗിക രേഖകള്‍ പ്രകാരം, ഈ സാമ്പത്തിക വർഷം ജൂലൈ വരെ കേരളം കടമെടുത്തത് 18,174.45 കോടി രൂപയാണ്. കേന്ദ്രാനുമതി പ്രകാരം, ഈ വർഷം ആകെ 37,512 കോടിയാണ് കടമെടുപ്പ് പരിധി. അതായത് അനുവദിച്ച വായ്പ് പരിധിയുടെ 48.44 ശതമാനം ആദ്യ നാലു മാസം ആകുമ്പോഴേക്ക് കേരളം കടമെടുത്തു കഴിഞ്ഞു.
ഡിസംബർ വരെയുള്ള കാലയളവില്‍ 21,253 കോടിയും 2025 ജനുവരി-മാർച്ച് കാലയളവില്‍ 16,259 കോടിയും കടമെടുക്കാനാണ് അനുമതി. ഡിസംബർ ആകാൻ ഇനിയും നാലുമാസം കൂടി ഉള്ളതിനാൽ കേരളത്തിന്‍റെ സ്ഥിതി കഷ്ടത്തിലാകും എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, കഴിഞ്ഞവർഷവും സമാനമായിരുന്നു സ്ഥിതി. 2023 ജൂലൈ വരെയുള്ള ആകെ കടമെടുപ്പ് - 17386.84 കോടി. ഈ വർഷം ജൂലൈ വരെ 18174.45 കോടി. 787.61 കോടിയുടെ സ്വാഭാവിക വർധനവ് മാത്രം.
ALSO READ: 'ആർഎസ്എസ് നേതാവിനെ കണ്ടു'; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവെച്ച് എഡിജിപിയുടെ വിശദീകരണം
വരുമാനവും ചെലവും പരിശോധിക്കുമ്പോള്‍, ജൂലൈയില്‍ കേരളത്തിനുണ്ടായത് 7718.71 കോടിയുടെ നികുതി വരുമാനം മാത്രമാണ്. ജൂണിലേക്കാൾ നാലായിരം കോടിയിലേറെ കുറവാണ് ഈ തുക. മഴയുണ്ടാക്കിയ വിപണി മരവിപ്പ് ജൂലൈയിൽ മാത്രമല്ല ഓഗസ്റ്റിലും ഉണ്ടായിരുന്നു. ആ കണക്കുകൾ ഈ മാസം 15 ആകുമ്പോഴേക്കും തയ്യാറാകും.
ശമ്പളവും പെന്‍ഷനും പുറമെ, ഉത്സവബത്തയടക്കം ചെലവുകള്‍ വരുന്ന ഈ മാസത്തില്‍ 20,000 കോടിയുടെ ചെലവാണ് കേരളം പ്രതീക്ഷിക്കുന്നത്. നികുതിയടക്കമുള്ള മറ്റു വരുമാനങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ആലോചന.