ആദരാഞ്ജലികൾക്കൊപ്പം ദീപാവലി ആശംസകളും; ബ്ലാസ്റ്റേഴ്സിനെ ട്രോളി മുംബൈ സിറ്റി!

ആദരാഞ്ജലികൾക്കൊപ്പം ദീപാവലി ആശംസകളും; ബ്ലാസ്റ്റേഴ്സിനെ ട്രോളി മുംബൈ സിറ്റി!

'അബ്‌സല്യൂട്ട് സിനിമ'യെന്നായിരുന്നു മത്സരത്തെ സംഘാടകരായ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒഫീഷ്യൽ പേജ് വിശേഷിപ്പിച്ചത്
Published on


ഐഎസ്എല്ലിൽ വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ 4-2ന് തോൽപ്പിച്ചതിന് പിന്നാലെ രോമാഞ്ചം സിനിമയിലെ "നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ" എന്ന പാട്ടിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് ദീപാവലി ആശംസകൾ നേർന്ന് മുംബൈ സിറ്റി എഫ്‌സി. സുഷിൻ ശ്യാമിൻ്റെ മാസ്മരിക സംഗീതത്തിൻ്റെ അകമ്പടിയോടെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളുകയാണ് മുംബൈ ചെയ്തത്.

നേരത്തെ മുംബൈയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ച ഘട്ടത്തിൽ ഭീഷ്മ പർവ്വത്തിലെ "മുംബൈക്കാരാ... ജാവോ ന്ന് പറയണം" എന്ന ഡയലോഗുമായി കേരള ബ്ലാസ്റ്റേഴ്സ് അങ്ങോട്ടേക്കും ട്രോളിയിരുന്നു. എന്നാൽ അതിനെല്ലാം ചേർത്താണ് മുംബൈ ടീമിൻ്റെ പരിഹാസം.

'അബ്‌സല്യൂട്ട് സിനിമ'യെന്നായിരുന്നു മത്സരത്തെ സംഘാടകരായ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒഫീഷ്യൽ പേജ് വിശേഷിപ്പിച്ചത്. നേരത്തെ ബ്ലാസ്റ്റേഴ്സിനെ ട്രോളാൻ ആവേശം സിനിമയിലെ "ആഹാ അർമാദം" എന്ന പാട്ടുമായാണ് ബെംഗളൂരു എഫ്‌സി രംഗത്തെത്തിയത്. ഉണ്ണിക്കണ്ണൻ മംഗൾഡാമിൻ്റെ "നെനച്ച വണ്ടിയിൽ കേറീട്ട്.." എന്ന വൈറൽ ഡയലോഗും മഞ്ഞപ്പടയെ ട്രോളാൻ ബെംഗളൂരു ഒഫീഷ്യൽ പേജിൽ പങ്കുവെച്ചിരുന്നു.

സീസണിൽ രണ്ടാമത്തെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വഴങ്ങിയത്. ബെംഗളൂരു എഫ്‌സിയോട് കൊച്ചിയിൽ 3-1ന് തോൽവിയേറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്സ് മുംബൈയിൽ ചെന്ന് 4-2നാണ് തോറ്റത്.

News Malayalam 24x7
newsmalayalam.com