ഈ സീസണിൽ മാരക ഫോമിലുള്ള ഛേത്രിപ്പടയെ ഇന്ന് ജയിക്കാനായാൽ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താമെന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ പ്രതീക്ഷയേകുന്ന കാര്യം
ഐഎസ്എല്ലിൽ ഇന്ന് ഏറെ വാശിയേറിയൊരു സൗത്ത് ഡെർബിക്കാണ് കളമൊരുങ്ങുന്നത്. കലൂർ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30ന് മഞ്ഞക്കടലിനെ സാക്ഷിയാക്കി മൈക്കിളാശാൻ്റെ പുതിയ മഞ്ഞപ്പടയെ നേരിടുമ്പോൾ സുനിൽ ഛേത്രിക്കും കൂട്ടർക്കും കാര്യങ്ങൾ അനായാസമാകില്ലെന്നുറപ്പാണ്. ഈ സീസണിൽ മാരക ഫോമിലുള്ള ഛേത്രിപ്പടയെ ഇന്ന് ജയിക്കാനായാൽ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താമെന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ പ്രതീക്ഷയേകുന്ന കാര്യം.
നിലവിൽ അഞ്ച് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയും സഹിതം 8 പോയിൻ്റുമായി ലീഗിൽ ആറാം സ്ഥാനത്താണ്. കളിച്ച അഞ്ചിൽ നാല് ജയവും ഒരു സമനിലയുമടക്കം 13 പോയിൻ്റ് നേടിയ ബെംഗളൂരുവാണ് പോയിൻ്റ് പട്ടികയിൽ തലപ്പത്ത്. ലൂണയുടെ മടങ്ങി വരവോടെ വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് ഇനി ലീഗിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ മികവോടെ കളിക്കേണ്ടതുണ്ട്. എതിരാളികളുടെ വലയിൽ എട്ട് പ്രാവശ്യം ഗോളെത്തിക്കാൻ ബെംഗളൂരു താരങ്ങൾക്ക് സാധിച്ചു. ബ്ലാസ്റ്റേഴ്‌സ് എട്ട് തവണ ഗോൾ കണ്ടെത്തിയപ്പോൾ, ഏഴ് ഗോളുകൾ വഴങ്ങി.
നോഹ സദൌയി, ജിമിനസ്, പെപ്ര മുന്നേറ്റനിരയുടെ ഗോളടി മികവ് തന്നെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്ലസ് പോയിൻ്റ്. ഒരു ഗോളിന് പിന്നിലായാലും തിരിച്ചടിച്ച് കളി ജയിക്കാൻ ശേഷിയുള്ളവരാണ് മൈക്കിൾ ആശാൻ്റെ പുതിയ മഞ്ഞപ്പടയെന്നത് ചില്ലറക്കാര്യമല്ല. ഈ സീസണിൽ കപ്പടിക്കാൻ ഉറപ്പിച്ചാണ് എത്തിയതെന്ന് കോച്ച് മൈക്കിൾ സ്റ്റാറേ ആദ്യമേ തന്നെ നയം വ്യക്തമാക്കിയിരുന്നെങ്കിലും, പ്രതിരോധത്തിലെ ആവർത്തിക്കുന്ന പിഴവുകളും, ടീമിൻ്റെ ഒത്തിണക്കമില്ലായ്മയും മധ്യനിരയിൽ ലൂണയുടെ അഭാവവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ALSO READ: ഇന്ത്യയെ കറക്കി വീഴ്ത്തി സാൻ്റ്നർ, 156ന് പുറത്ത്; 103 റൺസ് ലീഡ് വഴങ്ങി
കൊച്ചിയിൽ ഇന്ന് നടക്കാൻ പോകുന്ന മത്സരത്തോടെ ബെംഗളൂരു എഫ്‌സിയുടെ ക്ലീൻ ഷീറ്റ് യാത്ര കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിക്കുമെന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെ മുന്നറിയിപ്പ് നൽകിയിരുന്നു. മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്. ലീഗിൽ ടോപ്പിൽ നിൽക്കുന്ന ടീമിനെതിരെ ഗോൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അതിനുള്ള കഴിവ് ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്നും സ്റ്റാറെ പറഞ്ഞു. "ബെംഗളൂരു എഫ്‌സി ഇതുവരെ ഈ സീസണിൽ ഗോൾ വഴങ്ങിയിട്ടില്ല. പക്ഷേ ഈ കളിയിൽ അവർ ഗോൾ വഴങ്ങും. അതാണ് ടീമിൻ്റെ ലക്ഷ്യം," സ്റ്റാറെ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് നടത്തിയത്. ക്വാമെ പെപ്ര, ജെസൂസ് ജിമിനസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ ഗോളുകള്‍ നേടിയത്. മിറാലോല്‍ കസിമോവിൻ്റെ വകയായിരുന്നു മുഹമ്മദൻസിൻ്റെ ഏക ഗോള്‍.