
കേരളത്തിൻ്റെ സാമ്പത്തികാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും ദൈനംദിനം മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിക്ക് മാറ്റം വന്നുവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആകെ മാറിയെന്നല്ല, നല്ല പുരോഗതിയുണ്ടെന്നാണ് പറയുന്നത്. കേരളത്തിൻ്റെ വളർച്ചയെ മുന്നോട്ടുകൊണ്ടുപോകുന്ന തരത്തിലുള്ള കാര്യങ്ങളാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. വലിയ പ്രഖ്യാപനങ്ങൾ നടത്തുകയല്ല, മറിച്ച് കൃത്യമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് ബജറ്റിൽ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
"കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ വാർഷിക ചെലവ് 1.59 ലക്ഷത്തിന് അപ്പുറത്തേക്ക് കൊണ്ടുപോകാനായിരുന്നില്ല. അതിനകത്താണ് എല്ലാ ചെലവുകളും നടത്തിയത്. 2016 മുതൽ 2021 വരെയുള്ള കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി പ്രതിവർഷ ചെലവ് 1,17,000 കോടി രൂപയാണ്. ഈ വർഷം റിവേഴ്സ് എസ്റ്റിമേറ്റിനകത്ത് 1,78,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരം കഴിഞ്ഞ വർഷത്തേതിൽ നിന്ന് 18,000 കോടി രൂപ അധികമായി ചെലവ് വന്നിട്ടുണ്ട്. സർക്കാരിൻ്റെ അഞ്ചാം വർഷത്തിൽ 1,98,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം 20,000 രൂപയുടെ വർധന വരുമെന്ന പ്രതീക്ഷയിലാണ് ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്," കെ.എൻ. ബാലഗോപാൽ പറഞ്ഞു.
"പോസിറ്റീവായ നിലയിലേക്ക് കേരളത്തിലെ സാമ്പത്തികാവസ്ഥ വരുന്നുണ്ട്. പക്ഷേ കിട്ടാനുള്ള 50,000 കോടിയിലേറെ തുകയുടെ ധനസഹായം കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടേണ്ടതാണ്. വരുന്ന സാമ്പത്തിക വർഷം 1,78,000 കോടി രൂപയിലേക്ക് ചെലവ് ചെലവാക്കാനാകുന്നു എന്നത് പ്രതീക്ഷയേകുന്ന കാര്യമാണ്. ധനകാര്യ കമ്മീഷന് മുമ്പാകെ നേരത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ പറഞ്ഞ പോലെ, 50,000 കോടിയുടെ ധനസഹായം കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയാൽ നമ്മുടെ സ്ഥിതി മെച്ചമാകും. ഇത് ദൈനംദിന കാര്യങ്ങൾ പോലും നിന്നു പോകുന്ന അവസ്ഥയിൽ നിന്ന് കാര്യങ്ങൾ മാറിയിട്ടുണ്ട്. അതിന് നികുതി വരുമാനത്തിൽ വന്ന പുരോഗതിയാണ്," ധനമന്ത്രി പറഞ്ഞു.
"48,000 കോടിയുടെ സംസ്ഥാന നികുതിയിൽ നിന്ന് 80,000 കോടിയിലേക്ക് ഈ വർഷത്തെ സംസ്ഥാനത്തിൻ്റെ നികുതി ഈ വർഷമെത്തും. 81,627 കോടിയാണ് സർക്കാരിൻ്റെ പ്രതീക്ഷിക്കുന്ന നികുതി വരുമാനം. തനത് വരുമാനവും, നികുതി-നികുതിയേതര വരുമാനവും ഉൾപ്പെടെ ഒരു ലക്ഷം കോടിയിലേക്ക് വന്നു. നേരത്തെ ഇത് 54,000 കോടിയായിരുന്നു," ധനമന്ത്രി വിശദീകരിച്ചു.