"രാജ്യം അതിവേഗം വളരുമ്പോൾ കേരളത്തെ പിന്നിലാക്കുന്നതെങ്ങനെ? കേരളത്തിലും താമര വിരിയും": പിയൂഷ് ഗോയൽ

ബിജെപി ഭരണം പിടിച്ചാൽ കേരളത്തിലെ രണ്ട് പ്രതിപക്ഷത്തോടൊപ്പം വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു
"രാജ്യം അതിവേഗം വളരുമ്പോൾ കേരളത്തെ പിന്നിലാക്കുന്നതെങ്ങനെ? കേരളത്തിലും താമര വിരിയും": പിയൂഷ് ഗോയൽ
Published on

കേരളത്തിൽ താമര വിരിയുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. കേന്ദ്രത്തിലേത് പോലെ വമ്പൻ വിജയം ബിജെപി കേരളത്തിൽ നേടുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ബിജെപി ഭരണം പിടിച്ചാൽ കേരളത്തിലെ രണ്ട് പ്രതിപക്ഷത്തോടൊപ്പം വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. 2047ഓടെ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകർപ്പൻ വേഗതയിൽ വളരുമ്പോൾ കേരളത്തെ എങ്ങനെ പിന്നിലാക്കാനാകും. കേരളത്തിന് മികച്ച പ്രതിരോധശേഷി ഉണ്ട്, റെയിൽവേ, സമുദ്രം, തോട്ടം, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യബന്ധന മേഖലകൾ തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപങ്ങളുമായി കേരളത്തിന് മുന്നേറാനാകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി വളർന്നുവെന്നും 2027ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങൾ, വിഴിഞ്ഞം കടൽ തുറമുഖം, തിരുവനന്തപുരത്തെയും കാസർകോടിനെയും നാല് മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുന്ന നിർദിഷ്ട അർദ്ധ അതിവേഗ റെയിൽ ഇടനാഴി എന്നിവയിൽ കേരളത്തിൽ വലിയ നിക്ഷേപം നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസന കാര്യത്തിൽ സഹകരിക്കുമെന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെ കേന്ദ്രമന്ത്രി പ്രശംസിച്ചു. അനാവശ്യ ഹർത്താൽ നടത്തില്ലെന്ന എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും നിലപാട്, ബിജെപി അധികാരത്തിൽ വരുമ്പോഴും തുടരണമെന്ന് നിർദേശിച്ചതായും ഗോയൽ പറഞ്ഞു. വേദിയിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ച്, പുറത്തിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു ഗോയൽ.

കേരളത്തിന് നിക്ഷേപക ഉച്ചകോടിയിൽ വമ്പൻ പ്രഖ്യാപനമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയത്. കേരളത്തിൽ നടപ്പാക്കുന്നത് മൂന്ന് ലക്ഷം കോടിയുടെ പദ്ധതികളാണ്. മുപ്പത്തിയൊന്ന് പദ്ധതികൾ നടപ്പാക്കുമെന്നും ഗഡ്കരി അറിയിച്ചു. അങ്കമാലി ബൈപാസിന് 6000 കോടിയും തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് 5000 കോടിയും പാലക്കാട് - മലപ്പുറം പാതയ്ക്ക് 10,000 കോടിയും പ്രഖ്യാപിച്ചു.

ഇന്ന് കൊച്ചിയിൽ തുടക്കം കുറിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ വ്യവസായക്കുതിപ്പിന് ആഗോള നിക്ഷേപകരുടെയും വ്യവസായികളുടെയും പിന്തുണയും നിക്ഷേപവും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. വിദേശ പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്.

26 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയ, നോർവെ, വിയറ്റ്നാം, മലേഷ്യ എന്നിവ പങ്കാളി രാജ്യങ്ങളായാണ് പങ്കെടുക്കുക. ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ എന്നിവിടങ്ങളിൽ നിന്ന് മന്ത്രിതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കും. തീരുമാനങ്ങൾ വേഗത്തിലാക്കാൻ, വകുപ്പുകളുടെ പദ്ധതികളിലെ നിക്ഷേപ ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേതൃത്വം നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com