സംസ്ഥാനത്തെ വിവിധ പള്ളികളിൽ മതപണ്ഡിതർ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകും
റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. പള്ളികളിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈദ് ഗാഹിൽ പങ്കെടുക്കും. ലഹരിക്കെതിരെയുള്ള സന്ദേശം നൽകിയാണ് ഇത്തവണത്തെ ചെറിയ പെരുന്നാൾ ആഘോഷം.
പുത്തൻ ഉടുപ്പണിഞ്ഞു മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി, കൈത്താളമിട്ടുള്ള പാട്ടുകൾ വ്രതപുണ്യത്തിൻ്റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാൾ ദിനം. ഇസ്ലാം മത വിശ്വാസികളുടെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണ് ചെറിയപെരുന്നാൾ എന്ന് വിളിക്കുന്ന ഈദുൽ ഫിത്വറും, വലിയ പെരുന്നാൾ എന്ന് വിളിക്കുന്ന ഈദുൽ അദ്‌ഹയും. ഈദ് എന്ന അറബി പദത്തിന്റെ അർഥം ആഘോഷമെന്നാണ്. ഫിത്ർ എന്നാൽ തുറക്കൽ എന്നും. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ സമാപനത്തിൻ്റെ സ്മരണയ്ക്കായാണ് ഈദ് അൽ ഫിത്വർ ആഘോഷിക്കുന്നത്.
ഈദ് നിസ്കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന. സംസ്ഥാനത്തെ വിവിധ പള്ളികളിൽ മതപണ്ഡിതർ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകും. ശേഷം സാമൂഹിക വിഷയങ്ങളിൽ ഉദ്ബോധനം നടത്തുകയും ചെയ്യും. കുടുംബവീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതും പെരുന്നാൾ ദിനത്തിൽ പതിവാണ്. നിർബന്ധ ദാനം അതവാ ഫിത്ർ സകാത് പെരുന്നാൾ ദിനത്തിൽ പ്രധാനമാണ്. ആഘോഷ ദിനത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് ഈ ദാനത്തിന്റെ പൊരുൾ. ഫിത്ർ സകാത് വ്രതാനുഷ്ഠാനത്തിൽ വന്ന അപാകതകൾ പരിഹരിക്കുമെന്നാണ് വിശ്വാസം. നാട്ടിലെ സാധാരണ ഭക്ഷ്യധാന്യമാണ് ഫിത്ർ സകാത്തായി നൽകേണ്ടത്. പെരുന്നാൾ നമസ്‌കാരത്തിന് മുമ്പാണ് നിർബന്ധ ദാനം കൊടുത്തു വീട്ടേണ്ടത്. പെരുന്നാൾ നിസ്കാരത്തിനു ശേഷം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും, പ്രതിജ്ഞയും നടക്കും.