
മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മനുഷ്യൻ്റെ സ്പന്ദനം തിരിച്ചറിയാത്ത ഭീകരജീവിയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് സുധാകരന്‍ പറഞ്ഞു. കെപിസിസി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
കേരളത്തില്‍ എട്ട് വർഷം കൊണ്ട് ഒരു ലക്ഷത്തി മൂവായിരം സ്ത്രീകൾ പീഡനത്തിനിരയായി. അതാണ് മുഖ്യമന്ത്രിയുടെ വലിയ നേട്ടം. മുഖ്യമന്ത്രിയെ 'അങ്കിൾ' എന്ന് വിളിക്കുന്ന ഉദ്യോഗസ്ഥർ ബലാത്സംഗ കേസിൽ പ്രതികളാണ്. ഞാൻ എൻ്റെ കുടുംബം എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രി മാറുന്നത് കേരളത്തിന് അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം തീരുമാനിച്ചില്ലെങ്കിൽ ഈ നാട്ടിലെ ജനം അത് തീരുമാനിക്കണം. രാജിവെച്ചില്ലെങ്കിൽ അടിച്ചു പുറത്താക്കാൻ കേരളത്തിലെ ജനങ്ങൾ മുന്നോട്ടു വരുമെന്നും അതിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
ഇന്നലെ യൂത്ത് കോണ്‍ഗ്രസ് മാർച്ചില്‍ നടന്ന സംഘർഷങ്ങളില്‍ സുധാകരന്‍ ആഭ്യന്തര വകുപ്പിനെ വിമർശിച്ചു. ഒന്നും ചെയ്യാത്ത എൻ്റെ കുട്ടികളുടെ തല അടിച്ച് പൊട്ടിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസിയുടെ സെക്രട്ടേറിയേറ്റ് മാർച്ച് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സമരം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ രണ്ട് മണിക്കൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിന്തിരിഞ്ഞില്ല. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാനും ബാരിക്കേഡ് മറിച്ചിടാനുമായിരുന്നു ശ്രമം. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ഉൾപ്പടെ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കൻ്റോൺമെൻ്റ് എസ്ഐ ജിജുകുമാറിനും മറ്റൊരു പൊലീസുകാരനും സംഘർഷത്തിൽ പരുക്കേറ്റു. സംഭവത്തില്‍ രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ഉൾപ്പെടെ 261 യൂത്ത് കോൺഗ്രസുകാർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.