ഇന്ത്യൻ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്രത്തിന് സര്‍വാധികാരം നല്‍കാനുള്ള അജണ്ട; 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി'നെതിരെ മുഖ്യമന്ത്രി

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു
ഇന്ത്യൻ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്രത്തിന് സര്‍വാധികാരം നല്‍കാനുള്ള അജണ്ട; 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി'നെതിരെ മുഖ്യമന്ത്രി
Published on


ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ എന്നും മുഖ്യമന്ത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ഈ സർക്കാരിന്റെ കാലത്തുതന്നെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന്‌ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢ ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് 'ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയ പ്രശ്നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കിൽ ജനവിധി അട്ടിമറിച്ച്‌ കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നതും ജനാധിപത്യത്തെ തകർക്കും. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബിജെപിയുടെ പ്രഖ്യാപിത മുദ്രാവാക്യങ്ങളിലൊന്നായ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിക്ക് കേന്ദ്രമന്ത്രി സഭ ഇന്ന് അംഗീകാരം നല്‍കിയിരുന്നു. വരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബില്ലിൻ്റെ കരട് അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി 2029 മുതലാണ് ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക്, ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചത്. ശുപാർശ ഇപ്പോൾ കേന്ദ്രമന്ത്രിസഭ കൂടി അംഗീകരിച്ചതോടെ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് കളമൊരുങ്ങുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com