
കേരളം കണ്ട ഏറ്റവും വലിയ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. രാവിലെ വിമാന മാർഗം കരിപ്പൂർ എയർപോർട്ടിലെത്തിയ മുഖ്യമന്ത്രി, കോഴിക്കോട് വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ചൂരൽമലയിലെത്തിയത്. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഒപ്പമുണ്ട്. രാവിലെ ബെയിലി പാലത്തിൻ്റെ ഉൾപ്പെടെ നിർമാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. സർവകക്ഷി യോഗം ആരംഭിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങൾ സന്ദർശിക്കും. കാലാവസ്ഥ അനുകൂലമായാൽ മാത്രമാണ് മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കൂവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ക്യാമ്പുകളിൽ കഴിയുന്ന അതിജീവിതരെ മുഖ്യമന്ത്രി സന്ദർശിക്കും. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ എ.എൻ. ഷംസീറും എട്ട് മന്ത്രിമാരും വയനാട്ടിലെത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ. രാജൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവരാണ് നിലവിൽ വയനാട്ടിലുള്ളത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആശുപത്രിയിലെത്തി അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരെ കണ്ടു. ക്യാമ്പുകളിൽ കഴിയുന്നവരെയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അൽപ്പസമയത്തിനകം ചൂരൽമലയിലെത്തും. രാഹുൽ ഇതിനോടകം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. വയനാട്ടിൽ മത്സരിക്കാനിരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടെയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ചൂരൽമലയിൽ എൻഡിആർഎഫ് ഉണ്ടാക്കിയ താൽക്കാലിക പാലം ഒലിച്ചുപോയിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. തുടർന്നാണ് സൈന്യത്തിൻ്റെ നേതൃത്വത്തിൽ ബെയിലി പാലത്തിൻ്റെ നിർമാണം തുടങ്ങിയത്. ചൂരൽ മലയിൽ ബെയിലി പാലത്തിൻ്റെ നിർമാണ പുരോഗതി രാവിലെ റവന്യൂ മന്ത്രി കെ. രാജനും വിലയിരുത്തി. നിർമാണം അവസാന ഘട്ടത്തിലാണ്.