fbwpx
തീവ്രവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ, നയതന്ത്രപരമായ ഇടപെടലുകൾ കൂടി കേന്ദ്രം സ്വീകരിക്കണം: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 May, 2025 06:47 PM

പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം

KERALA

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ പിന്തുണച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരും വിവിധ സേനകളും തീവ്രവാദത്തിനെതിരായി സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം പഹൽഗാം കൂട്ടക്കൊലയ്ക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കുവാനും, ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും നയതന്ത്രപരമായ ഇടപെടലുകൾ കൂടി കേന്ദ്രം നടത്തണമെന്നും പിണറായി അഭിപ്രായപ്പെട്ടു.


മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം;


"തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം."


Also Read;'യുദ്ധത്തില്‍ വിജയികളില്ല; സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം ചിലര്‍ക്ക് യുദ്ധം അതിര്‍ത്തിയിലെ പൂരമാണ്'


ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് കേന്ദ്രങ്ങളിലായി ഇന്ത്യ നടത്തിയ 24 മിസൈല്‍ ആക്രമണങ്ങളില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ മധ്യനിര, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


ഒമ്പത് കേന്ദ്രങ്ങളില്‍ കൃത്യമായി ഏകോപിപ്പിച്ച 24 മിസൈല്‍ ആക്രമണങ്ങളിലൂടെ, അതിര്‍ത്തി കടന്നുള്ള ഭീകരതയെയോ അതിന് സഹായിക്കുന്ന പ്രവര്‍ത്തികളേയോ ഇനി അനുവദിക്കില്ലെന്ന് ഇന്ത്യ തെളിയിച്ചു.


ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകാതിരിക്കാന്‍ സൈന്യം ശ്രദ്ധിച്ചതായി സംയുക്ത സേനാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആക്രമണത്തിനുള്ള ആയുധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ ഒരു സിവിലിയനും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി.


പുലര്‍ച്ചെ, 1.05 മുതല്‍ 1.30 വരെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യന്‍ സൈന്യം തകര്‍ത്ത പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സോഫിയ ഖുറേഷി എണ്ണിപ്പറഞ്ഞു. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്.


പാകിസ്ഥാന്‍ വളര്‍ത്തിയ ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി നശിപ്പിച്ചു. ഈ കേന്ദ്രങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.

NATIONAL
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായി റിപ്പോർട്ട്
Also Read
user
Share This

Popular

NATIONAL
WORLD
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായി റിപ്പോർട്ട്