ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്തരായ വ്യക്തികളെല്ലാം പുലിപ്പല്ല് ധരിക്കുന്നത് ആചാരമാക്കിയാൽ പശ്ചിമഘട്ടത്തിലെ പുലികൾ മുഴുവൻ തികയാതെ വരുന്നതാണെന്ന് അസോസിയേഷൻ
റാപ്പർ വേടനെ അറസ്റ്റ് ചെയ്ത റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ. ഈ കേസുമായി ബന്ധപ്പെട്ട് മറ്റേതു കേസിലും സ്വീകരിക്കുന്ന സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് കോടനാട് റെയ്ഞ്ചാഫീസർ ചെയ്തിട്ടുള്ളത്. കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ എടുത്ത സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
"മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പുലിപ്പല്ല് അയൽരാജ്യങ്ങളിൽ നിന്നുമാകാം എന്ന സംശയം മാത്രമാണ് വേടൻ പങ്കുവെച്ചത്. അതിന് മറ്റർത്ഥങ്ങൾ തേടുന്നത് ജാതിയതയുടെ വളക്കൂറ് മുതലാക്കാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ ശ്രമം മാത്രമാണെന്ന് പ്രബുദ്ധ മലയാളി മനസിലാക്കും. ഭയപ്പാടില്ലാതെ നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ ഇത്തരത്തിൽ കാരണം ചമച്ച് ക്രൂശിക്കുന്നത് സേനയുടെ മനോവീര്യം തകർക്കുമെന്നും" അസോസിയേഷൻ പറയുന്നു.
ALSO READ: സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവിട്ടു; വേടനെ അറസ്റ്റ് ചെയ്ത റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം
"ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്തരായ വ്യക്തികളെല്ലാം പുലിപ്പല്ല് ധരിക്കുന്നത് ആചാരമാക്കിയാൽ പശ്ചിമഘട്ടത്തിലെ പുലികൾ മുഴുവൻ തികയാതെ വരുന്നതാണ്. കാട്ടുപന്നികളുടെയും, തെരുവ് നായ്ക്കളുടേയും മറ്റു സസ്യഭുക്കുകളുടെയും എണ്ണം നിയന്ത്രിച്ച് പാരിസ്ഥിതിക സന്തുലനം സാധ്യമാക്കുന്ന പുലികളുടെ നിലനിൽപ്പ് ആൾക്കൂട്ട മുറവിളികൾക്കൊപ്പം തന്നെ ചർച്ചയാക്കേണ്ടതാണ്".
"ഇത്രയും പൊതുജന ശ്രദ്ധയാകർഷിച്ച ഒരു കേസിൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാൽ ജോലി പോലും നഷ്ടമായേക്കാവുന്ന അവസ്ഥയിൽ പ്രകൃതിയ്ക്കും നിയമവ്യവസ്ഥയ്ക്കും വേണ്ടി നിലകൊണ്ട കർമനിരതനായ ഉദ്യോഗസ്ഥനെ ആൾക്കൂട്ട കയ്യടിയ്ക്ക് വേണ്ടി ബലികൊടുക്കുന്നത് നീതി നിഷേധവും അങ്ങേയറ്റത്തെ പ്രതിഷേധാർഹവുമാണ്. ആൾക്കൂട്ട ന്യായമാണ് നീതിയെങ്കിൽ ഭരണഘടനയും നിയമങ്ങളും പൊളിച്ചെഴുതേണ്ടിവരും പക്ഷെ, പിന്നീട് തിരിച്ചെടുക്കാൻ കഴിയുന്നവയല്ല നഷ്ടമാകുന്ന വനവും വന്യസമ്പത്തും. ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന വനം മന്ത്രിയുടെ നിലപാടിനെ സംഘടന ശക്തമായി എതിർക്കുന്നുവെന്നും, തിരുത്തിയില്ലെങ്കിൽ മുഴുവൻ ജീവനക്കാരും കടുത്ത നിയമനടപടികളും, സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും" ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.