രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിർദേശം നൽകിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു.
കുറച്ച് സമയം മുമ്പാണ് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയർന്നതിനെ തുടർന്ന് രോഗികളെ പൂർണമായും മാറ്റിയിരിക്കുകയാണ്. രോഗിയുടെ കൂട്ടിരിപ്പുകാരാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. മുറിയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും പറഞ്ഞു.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പുക; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം
പുതിയ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു വരരുതെന്നും മറ്റു ആശുപത്രികളിലേക്ക് പോകണമെന്നും പൊലീസ് നിർദേശം നൽകി. മെഡിക്കൽ കോളേജ് വഴി പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ടൗണിലേക്ക് പോകുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ വഴി പോകാനും നിർദേശം നൽകിയിട്ടുണ്ട്.
ആശുപ്രതിയിലെ 14 ഓപ്പറേഷൻ തിയേറ്ററുകളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സജീത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പഴയ കാഷ്വാലിറ്റിയും പ്രവർത്തന ക്ഷമമാക്കും. തൊട്ടടുത്ത ആശുപത്രികളിൽ എല്ലാം കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഭവസ്ഥലത്ത് ഇലക്ട്രിക്കൽ എൻജിനീയർ നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്. നിലവിൽ രോഗികളെ മാറ്റുന്നതിനാണ് മുൻഗണന കൊടുക്കുന്നത്. നാലാം നിലയിൽ പുക എത്തിയിട്ടില്ല. ന്യൂറോ സർജറി രോഗികളെയാണ് അവിടെ പ്രവേശിപ്പിച്ചിട്ടുള്ളത്.ആവശ്യമുണ്ടെങ്കിൽ ആവശ്യമുണ്ടെങ്കിൽ നാലാം നിലയിലെ രോഗികളെയും മാറ്റുമെന്നും സജീത്ത് കുമാർ പറഞ്ഞു.
മുപ്പതുപേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെന്നും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ കളക്റ്റർ സ്നേഹിൽ കുമാർ സിംങ് പറഞ്ഞു. മെഡിക്കൽ കോളേജിലേക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ന്യൂറോ വിഭാഗത്തിലുള്ള നാലുപേരെയും മാറ്റിയെന്നും തൊട്ടടുത്ത സൂപ്പർ സ്പെഷ്യലിറ്റിയിലും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്റ്റർ സ്നേഹിൽ കുമാർ സിംങ് അറിയിച്ചു.