പ്രസംഗിച്ചയാള്‍ ഉദ്ദേശിച്ചില്ലെങ്കില്‍ പോലും പറയുന്ന വാക്കുകള്‍ ചിലപ്പോള്‍ ബഹുമാനക്കുറവ് സൃഷ്ടിക്കാമെന്ന് കോടതി
ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ ഉദ്ദേശിച്ച കുന്തം കുടച്ചക്രം എന്തെന്ന് ഹൈക്കോടതി. സംവദമാകാം, പക്ഷേ ഭരണഘടനയുടെ അന്തസ്സത്തയോട് വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ചോദിച്ചു.
പ്രസംഗിച്ചയാള്‍ ഉദ്ദേശിച്ചില്ലെങ്കില്‍ പോലും പറയുന്ന വാക്കുകള്‍ ചിലപ്പോള്‍ ബഹുമാനക്കുറവ് സൃഷ്ടിക്കാം. മന്ത്രിയുടെ പ്രസംഗത്തില്‍ ബഹുമാനക്കുറവ് ധ്വനിപ്പിക്കുന്ന വേറെയും പരാമര്‍ശങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി സൂചിപ്പിച്ചു.
പ്രസംഗത്തിന്റെ പൂര്‍ണരൂപം പെന്‍ ഡ്രൈവിലാക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. 2022 ജൂലൈ മൂന്നിന് മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പളളിയില്‍ പ്രസംഗിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ അഡ്വ. ബൈജു നോയലാണ് ഹര്‍ജി നല്‍കിയത്.
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, സജി ചെറിയാന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
2022 ജൂലൈയില്‍ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടിയിലാണ് വിവാദമായ പ്രസംഗം സജി ചെറിയാന്‍ നടത്തുന്നത്. തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കല്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.