
യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്ക ബാവയായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലബനനിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നത് തടയില്ലെന്ന് ഹൈക്കോടതി. പ്രതിനിധി സംഘത്തെ അയയ്ക്കുന്നത് തടയണമെന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സർക്കാരിന്റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹർജിക്കാരൻ പ്രകടിപ്പിച്ച ആശങ്ക ഉൾക്കൊള്ളുന്നതായി ഹൈക്കോടതി അറിയിച്ചു.
സംസ്ഥാനത്ത് ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള തീരുമാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതല്ലെന്ന് സർക്കാർ ഉറപ്പാക്കണം. ലബനനിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിയമപരവും, ധാർമികവുമായ പ്രത്യാഘാതങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കണം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ കോടതി ഇടപെടുന്നില്ലെന്ന് അറിയിച്ചു.
മാർച്ച് 25ന് ലബനനിലെ പാത്രിയാർക്ക കത്തീഡ്രലിലാണ് വാഴിക്കൽ ചടങ്ങ്. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറേൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയാണ് ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിക്കുന്നത്. കേരളത്തിൽനിന്ന് മലങ്കര കത്തോലിക്ക സഭ തലവൻ കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ ഉൾപ്പെടെയുള്ളവരാണ് ചടങ്ങിൽ പങ്കെടുക്കുക. കേന്ദ്രത്തിന്റെ പ്രതിനിധി സംഘവും കേരളത്തിൽനിന്ന് മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗസംഘവുമാകും ചടങ്ങിൽ പങ്കെടുക്കുക എന്നാണ് അറിയിച്ചിരുന്നത്. മാർച്ച് 11നാണ് പ്രതിനിധി സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് പൊതുതാൽപ്പര്യ ഹർജി. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തിന് കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയിൽ രണ്ട് വിഭാഗങ്ങളാണുള്ളത്. കോട്ടയത്ത് ആസ്ഥാനമുള്ള ഭൂരിപക്ഷ ഓർത്തഡോക്സ് വിഭാഗവും, ബെയ്റൂട്ടിലെ അന്ത്യോക്യയിലെ പാത്രിയാർക്കീസിനെ പരമോന്നത നേതാവായി കരുതുന്ന യാക്കോബായ വിഭാഗവും. 1912ൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളായി ആദ്യം പിളർന്ന ഈ സമൂഹം, സുപ്രീം കോടതി വിധിയെത്തുടർന്ന് 1958നും 1970നും ഇടയിൽ ഒരു ചെറിയ കാലയളവിൽ കോട്ടയത്ത് ഒന്നിച്ചു. എന്നാൽ, 1970 മുതൽ പള്ളികളുടെ നിയന്ത്രണത്തെ ചൊല്ലി ഇവർക്കിടയിൽ വീണ്ടും തർക്കം ഉടലെടുത്തു. പതിറ്റാണ്ടുകൾ നീണ്ട വിചാരണയ്ക്ക് ശേഷം, മലങ്കര സഭയ്ക്ക് കീഴിലുള്ള 1,100 പള്ളികളും ഇടവകകളും ഭരിക്കാനുള്ള അവകാശം സുപ്രീം കോടതി ഓർത്തഡോക്സ് വിഭാഗത്തിന് നൽകുകയും യാക്കോബായ വിഭാഗത്തിന് ഏതെങ്കിലും പള്ളികളിൽ അവകാശവാദം ഉന്നയിക്കാൻ ഒരു കാരണവുമില്ലെന്ന് പറയുകയും ചെയ്തു. വികാരി, പുരോഹിതന്മാർ, ഡീക്കന്മാർ, പ്രീലേറ്റുകൾ (മഹാപുരോഹിതന്മാർ) എന്നിവരെ നിയമിച്ചുകൊണ്ട് പാത്രിയാർക്കീസിന് ഇടവക പള്ളികളുടെ ഭരണത്തിൽ ഇടപെടാൻ കഴിയില്ലെന്നും അതുവഴി ഒരു സമാന്തര ഭരണസംവിധാനം സൃഷ്ടിക്കാൻ കഴിയില്ലെന്നും വിധിയിൽ പറഞ്ഞിരുന്നു. 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം നൽകപ്പെട്ട അധികാരം അനുസരിച്ച് മാത്രമേ നിയമനങ്ങൾ നടത്താവൂ എന്നും വിധിച്ചു.