പുതിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം; 15-ാം നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം

ജനുവരി 20, 21, 22 തീയതികളിൽ നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച നടക്കും
പുതിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം; 15-ാം നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം
Published on

പുതിയ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. മാർച്ച് 28 വരെ ആകെ 27 ദിവസമാണ് സഭാ സമ്മേളനം. ഉപതെരഞ്ഞെടുപ്പുകളിൽ സീറ്റുകൾ നിലനിർത്തിയത് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും പരസ്പരം പോരടിക്കാൻ ഇരുമുന്നണികൾക്കും വിഷയങ്ങൾ അനവധിയാണ്.


നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരട് അംഗീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തുടക്കത്തിൽ തന്നെ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നൽകി കഴിഞ്ഞു. എന്നാൽ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതിൽ ഉൾപ്പെടെയുള്ള വിമർശനങ്ങൾ സംസ്ഥാന സർക്കാരിൻ്റെ നയ പ്രഖ്യാപനത്തിൽ ഉണ്ടെന്നാണ് വിവരം. സർവകലാശാലകളിൽ ചാൻസലർമാർക്ക് കൂടുതൽ അധികാരം നൽകുന്ന യുജിസിയുടെ മാർഗം നിർദേശമടക്കമുള്ള കാര്യങ്ങളിൽ വിമർശനം ഉണ്ടെങ്കിൽ പുതിയ ഗവർണർ സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാകും.

ജനുവരി 20, 21, 22 തീയതികളിൽ നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച നടക്കും. ഫെബ്രുവരി ഏഴിനാണ് ഈ വർഷത്തെ ബജറ്റ് അവതരണം. ഫെബ്രുവരി 10,11 ,12 തീയതികളിൽ ബജറ്റിൻ മേലുള്ള പൊതു ചർച്ച നടക്കും. വന നിയമ ഭേദഗതി പിൻവലിക്കൽ, പെരിയ കേസിലെ വിധി, ബ്രൂവെറി അനുവദിക്കൽ തുടങ്ങിയവയാണ് സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ ആയുധം. പാലക്കാടിനെ പ്രതിനിധീകരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാന്നിധ്യവും സഭയിൽ ശ്രദ്ധിക്കപ്പെടും.

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യ ഉയർത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കാൻ ആയിരിക്കും ഇടതുമുന്നണിയുടെ നീക്കം. പ്രതിപക്ഷത്തോടും പിന്നീട് ഇടതുമുന്നണിയോടും പോരടിച്ച പി.വി. അൻവറിൻ്റെ രാജി നിയമസഭ എങ്ങനെ നോക്കിക്കാണും എന്നുള്ളതാണ് ഈ സമ്മേളനത്തിൻ്റെ മറ്റൊരു സവിശേഷത.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com