മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലുമാണ് കൺട്രോൾ റൂം തുറന്നത്.
പ്രതീകാത്മക ചിത്രം
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് കേരള സർക്കാർ. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാർ അറിയിച്ചു. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മലയാളി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. 50ഓളം മലയാളി വിദ്യാർഥികൾ ജമ്മുവിലുണ്ടെന്നും സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഇവർ നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവെന്നുമായിരുന്നു ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അന്നാ ഫാത്തിമ വീഡിയോയിൽ പറഞ്ഞത്. യാത്രാ സൗകര്യമാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. ജമ്മു കശ്മീരിലേത് അടക്കം 21 എയർപോർട്ടുകളുടെ പ്രവർത്തനം മെയ് 10 വരെ വ്യോമയാന മന്ത്രാലയം നിർത്തിവെച്ചിരിക്കുകയാണ്.
ഇന്നത്തെ ബ്ലാക്ക് ഔട്ടിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും അതിനാൽ പരിഭ്രാന്തരായെന്നും അന്നാ ഫാത്തിമ പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നും സുരക്ഷാ മുന്നറിയിപ്പുകളൊന്നും വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല. സർവകലാശാലയുടെ ഭാഗത്ത് നിന്ന് വിദ്യാർഥികളെ സുരക്ഷിതരാക്കാനുള്ള നടപടികളുണ്ടായില്ല. വീട്ടുകാരെ കൊണ്ട് വിളിച്ചു ചോദിച്ചപ്പോഴാണ് പരീക്ഷയെ സംബന്ധിച്ച കാര്യങ്ങളെപ്പറ്റി സർവകലാശാല അധികൃതർ സംസാരിക്കാന്‍ തയ്യാറായതെന്നും വിദ്യാർഥിനി ആരോപിക്കുന്നു. സാംബാ ജില്ലയിൽ സർവകലാശാല പരിസരത്തും പിജികളിലുമായാണ് മലയാളി വിദ്യാർഥികൾ താമസിക്കുന്നത്.