പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വരുന്ന ഭീഷണി സന്ദേശങ്ങളെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
തുടരുന്ന വ്യാജ ബോംബ് ഭീഷണികളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിവരം തേടി പൊലീസ്. തമിഴ്നാടും തെലങ്കാനയും ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് സൈബർ പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. മൈക്രോസോഫ്റ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കവും ഊർജിതമാക്കി.
കണ്ണൂർ വിമാനത്താവളത്തിലും തിരുവനന്തപുരത്തെ ജർമൻ കോൺസുലേറ്റിലുമാണ് ഇന്നലെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ സംസ്ഥാനത്താകെ എത്തിയ ഭീഷണി സന്ദേശങ്ങളുടെ എണ്ണം ഇരുപത്തഞ്ചായി.
വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം ഏകദേശം സമാനമാണെന്നാണ് കണ്ടെത്തൽ. അതിനാൽ ഒരേ വ്യക്തിയോ, ഒരേ സംഘമോ ആകാം ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലെന്നാണ് നിഗമനം. തമിഴ്നാട്ടിൽ മാത്രം അടുത്തിടെ ഇരുന്നൂറോളം കേസുകളാണ് വ്യാജ ഭീഷണി സന്ദേശങ്ങളിൽ രജിസ്റ്റർ ചെയ്തത്. പിന്നീടിത് കുറയുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വരുന്ന ഭീഷണി സന്ദേശങ്ങളെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
മൈക്രോസോഫ്റ്റിന്റെ മെയിലായ ഔട്ട്ലുക്കിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്. ഡാർക്ക് നെറ്റിലെ ടോർ ബ്രൌസർ വഴിയാണ് മെയിലുകൾ നിർമിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപിഎൻ സംവിധാനം ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ ലഭിക്കാൻ കാലതാമസമെടുക്കും. ഇന്ത്യയിൽ മൈക്രോസോഫ്റ്റിന് ഒരേയൊരു നോഡൽ ടീം മാത്രമേ ഉള്ളൂവെന്നതും വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് തടസമാകുന്നുണ്ട്.