മുംബൈയിൽ നിന്നും മലയാളി വിദ്യാർഥികളുമായി പൊലീസ് നാട്ടിലേക്ക്; യാത്രയോടുള്ള താല്പര്യം കൊണ്ടാണ് നാടുവിട്ടതെന്ന് നിഗമനം

കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിംഗ് നൽകി പുതിയ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് തീരുമാനം.
മുംബൈയിൽ നിന്നും മലയാളി വിദ്യാർഥികളുമായി പൊലീസ് നാട്ടിലേക്ക്; യാത്രയോടുള്ള താല്പര്യം കൊണ്ടാണ് നാടുവിട്ടതെന്ന് നിഗമനം
Published on

മുംബൈ ലോണാവാലയിൽ നിന്നും കണ്ടെത്തിയ മലയാളി പ്ലസ് ടു വിദ്യാർത്ഥികളുമായി കേരള പൊലീസ് ഇന്ന് നാട്ടിലേക്ക്. ബുധനാഴ്‌ചയാണ് മലപ്പുറം താനൂരിൽ നിന്നും ഇരുവരെയും കാണാതായത്.നാളെ ഉച്ചയോടെ ഇരുവരെയും താനൂരിലെത്തിക്കും... യാത്രയോടുള്ള താല്പര്യം കൊണ്ടാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം താനൂരിൽ നിന്നും കാണാതായ രണ്ടു കുട്ടികളെയും ഇന്ന് പുലർച്ചയാണ് മുംബൈയിലെ ലോണാവാല റെയിൽവേ സ്റ്റേഷനിൽ നിന്നും ആർ പി എഫ് കണ്ടെത്തിയത്. മുംബൈ -ചെന്നൈ എക്സ്പ്രസിൽ സഞ്ചരിക്കവെയാണ് കുട്ടികളെ കണ്ടെത്തിയത്. താനൂരിൽ നിന്നും മുംബൈയിലേക്കാണ് കുട്ടികൾ പോയതെന്നാണ് പ്രാഥമിക വിവരം. മുംബൈ ലാസ്യ സലൂണിൽ രൂപമാറ്റം വരുത്താൻ മുടി സ്ട്രെയിറ്റ് ചെയ്യാനെത്തിയ കുട്ടികളെ സലൂണിലെ മലയാളി ജീവനക്കാരൻ തിരിച്ചറിഞ്ഞതാണ് കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്.


സുഹൃത്തിൻ്റെ വിവാഹത്തിന് പൻവേലിലേക്ക് പോകുന്നതിനിടെ മുടി ട്രീറ്റ് ചെയ്യണം എന്നാണ് കുട്ടികൾ സലൂണിലെ ജീവനക്കാരോട് പറഞ്ഞത്. ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത കുട്ടികൾ മലയാളി ജീവനക്കാരന്റെ സഹായത്തോടെയാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ട്രീറ്റ്മെന്റിനിടെ പോകാൻ തിടുക്കം കൂട്ടിയ കുട്ടികളോട് ജീവനക്കാരൻ ട്രീറ്റ്മെൻറ് പൂർത്തിയാക്കാൻ അഭ്യർത്ഥിച്ചു. പതിനായിരം രൂപയുടെ ചികിത്സയാണ് ചെയ്തതെന്നും കുട്ടികളുടെ ബാഗ് നിറയെ പണം ഉണ്ടായിരുന്നെന്നും ജീവനക്കാരൻ പൊലീസിനോട് പറഞ്ഞു.

Also Read; "ബംഗാൾ ആവർത്തിക്കരുത്, പാർട്ടിയാണ് അധികാരകേന്ദ്രമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കരുത്"; CPIM പ്രവർത്തന റിപ്പോർട്ട്

കുട്ടികളെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും സുരക്ഷിതരാണെന്നറിഞ്ഞതിൻ്റെ ആശ്വാസത്തിലാണെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. കുട്ടികൾ നാട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് അന്വേഷണത്തിൽ നിർണായകമായി.യാത്രയോടുള്ള താത്പര്യം കൊണ്ട് സ്വയമെടുത്ത തീരുമാനത്തിലാണ് കുട്ടികൾ പോയതെന്നും എസ് പി.

കുട്ടികൾക്ക് സഹായം ചെയ്ത യുവാവിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.കുട്ടികളുമായി ഇന്ന് വൈകിട്ട് പുനയിൽ നിന്ന് ട്രെയിൻ മാർഗ്ഗം തിരിക്കുന്ന പൊലീസ് സംഘം നാളെ ഉച്ചയോടെ തിരൂരിലെത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിംഗ് നൽകി പുതിയ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com