കായിക മേള പുരസ്കാര വിവാദം: ഹൈക്കോടതിയെ സമീപിക്കാന്‍ നാവാമുകുന്ദ, മാർ ബേസില്‍ സ്കൂളുകള്‍

ജി.വി. രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിൽ പ്രതിഷേധിച്ച് ഇന്നലെ കായിക മേളയുടെ സമാപന ചടങ്ങില്‍ സംഘർഷാവസ്ഥയുണ്ടായിരുന്നു
കായിക മേള പുരസ്കാര വിവാദം: ഹൈക്കോടതിയെ സമീപിക്കാന്‍ നാവാമുകുന്ദ, മാർ ബേസില്‍ സ്കൂളുകള്‍
Published on

കേരള സ്കൂള്‍ കായിക മേള പുരസ്കാര വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി നാവാമുകുന്ദ, മാർ ബേസില്‍ കോതമംഗലം സ്കൂളുകള്‍. മികച്ച സ്കൂളിനുള്ള രണ്ടാം സ്ഥാനത്തേക്ക് സ്പോർട്സ് സ്കൂളിനെ പരിഗണിച്ചതിനെ തുടർന്നാണ് സ്കൂളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.  ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷനുകളെയും ചാംപ്യൻ പട്ടത്തിനു പരിഗണിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ജി.വി. രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിൽ പ്രതിഷേധിച്ച് ഇന്നലെ കായിക മേളയുടെ സമാപന ചടങ്ങില്‍ സംഘർഷാവസ്ഥയുണ്ടായിരുന്നു.

ഒളിംപിക്സ് മാതൃകയിൽ, പിഴവുകൾ ഇല്ലാതെയാണ് മേള സംഘടിപ്പിച്ചതെന്ന് വാദിച്ച സർക്കാരിനും കായിക വകുപ്പിനും സമാപന ചടങ്ങിലെ സംഘർഷം കനത്ത തിരിച്ചടിയാണ് നൽകിയത്. കായിക മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ജനറൽ സ്കൂളുകൾക്കും സ്പോർട്സ് സ്കൂളുകൾക്കും പ്രത്യേക പട്ടികയാണ്. ഈ പട്ടിക അനുസരിച്ച് 80 പോയിന്‍റുമായി ജനറൽ സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എസ് ഒന്നാമതും 44 പോയിന്‍റുമായി നവാമുകുന്ദ സ്കൂൾ രണ്ടാമതും 43 പോയിന്റുമായി മാർ ബേസിൽ സ്കൂൾ മൂന്നാമതുമാണ്. സ്പോർട്സ് സ്കൂളുകളുടെ പട്ടികയിൽ 55 പോയിന്‍റോടെ ജി.വി.രാജയായിരുന്നു മുന്നിൽ. പതിവ് രീതി അനുസരിച്ച് രണ്ടാം സ്ഥാനം നവാമുകുന്ദ സ്കൂളിനും മൂന്നാം സ്ഥാനം കോതമംഗലം മാർ ബേസിലിനുമാണ്. എന്നാല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം സ്ഥാനം ജി.വി. രാജയ്ക്കായിരുന്നു. യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലേക്ക് നവാമുകുന്ദയും മാർ ബേസിലും പിന്തള്ളപ്പെട്ടു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

Also Read: മുഹമ്മദ് അഷ്ഫാക്കിനും ഇവാന ടോമിക്കും കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡ്

പ്രതിഷേധിച്ചവരെ പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചതായി വിദ്യാർഥികള്‍ പരാതിപ്പെട്ടു. മത്സരയിനങ്ങളിൽ പങ്കെടുത്ത് പരുക്ക് പറ്റിയവരോടാണ് പൊലീസ് ഇത്തരത്തിൽ ക്രൂരതയോടെ പെരുമാറിയത്. പൊലീസുകാർ തള്ളി മാറ്റിയെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. കോളർ പിടിച്ച് കറക്കിയെറിഞ്ഞെന്നും, പെൺകുട്ടികളെ മർദിച്ചത് വനിതാ പൊലീസ് അല്ലെന്നും കുട്ടികൾ പറയുന്നു. 365 ദിവസത്തെ പരിശീലനത്തിനും കഷ്ടപ്പാടിനും ഒടുവിലാണ് മത്സരത്തിന് എത്തിയതെന്നും, രണ്ടം സ്ഥാനം നൽകിയതിനെതിരെ ചോദ്യമുന്നയിച്ചപ്പോൾ പൊലീസ് ഉപദ്രവിക്കുകയായിരുന്നുവെന്നും വിദ്യാർഥികള്‍ പരാതിപ്പെട്ടു. എന്നല്‍, പൊലീസ് കമ്മീഷണർ വിദ്യാർഥികളുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

അത്‌ലറ്റിക്സ് മത്സരത്തിൽ പാലക്കാടൻ കോട്ട തകർത്തു കൊണ്ട് മലപ്പുറം ചാംപ്യന്മാരായ കേരള സ്കൂൾ കായികമേളയാണ് പുരസ്കാര വിവാദത്തില്‍പ്പെട്ടത്. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം അത്ലറ്റിക്സ് കിരീടം നേടുന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാംപ്യൻഷിപ്പ് പട്ടം നേടിയത്. തിരുവനന്തപുരം ജില്ലയ്‌ക്കാണ് കായികമേളയുടെ ഓവറോൾ കിരീടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com