പ്രധാന വേദിയിൽ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്കൂൾ വിഭാഗത്തിന്‍റെ തിരുവാതിരക്കളിയും നടക്കും
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. ശക്തമായ പോരാട്ടങ്ങളാണ് എല്ലാ വേദികളിലും നടക്കുന്നത്. 449 പോയിൻ്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 448 പോയിൻ്റുമായി തൃശൂരും 446 പോയിൻ്റുമായി കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. മൂന്നാം ദിനമായ ഇന്ന് പല ജനപ്രിയ ഇനങ്ങളും ഇന്ന് വേദിയിലെത്തും.
പ്രധാന വേദിയിൽ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്കൂൾ വിഭാഗത്തിന്‍റെ തിരുവാതിരക്കളിയും നടക്കും. കോൽക്കളി, ദഫ് മുട്ട് തുടങ്ങിയ ഇനങ്ങളും ഇന്ന് വേദിയിലെത്തും.
അതേസമയം കലോത്സവത്തിനോടനുബന്ധിച്ച് തലസ്ഥാനത്തെ ഏതാനും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കലോത്സവ മത്സരവേദികളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും, വിദ്യാർഥികളുടെയും അധ്യാപകരുടെയും താമസസൗകര്യത്തിനായി തെരഞ്ഞെടുത്ത സ്കൂളുകൾക്കുമാണ് അവധി നൽകിയത്. ബുധനാഴ്ച (08/01/2025) വരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.
കലോത്സവത്തിനായി വിവിധ വേദികളിലേക്ക് സർവീസ് നടത്തുന്നതിനായി 70 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്തേക്ക് പോകുന്നതിനും ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.