ശീതളപാനീയ വിപണി കീഴടക്കാനൊരുങ്ങി കേരളം; പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ 'ഒസിയാന' ദേശീയ തലത്തിലേക്ക്

കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കുന്നതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഒസിയാന കാർബണേറ്റഡ് ഡ്രിങ്ക്, കശുമാങ്ങ സിറപ്പ് എന്നിവ വിപണിയിലെത്തിക്കുന്നത്
ശീതളപാനീയ വിപണി കീഴടക്കാനൊരുങ്ങി കേരളം; പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ 'ഒസിയാന' ദേശീയ തലത്തിലേക്ക്
Published on

ശീതളപാനീയ വിപണി കീഴടക്കാനൊരുങ്ങി പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ ഒസിയാന. കശുമാങ്ങയിൽ നിന്നുള്ള കാർബണേറ്റഡ് പാനീയമായ ഒസിയാന ദേശീയ തലത്തിലും വിപണിയിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണ് പ്ലാൻ്റേഷൻ കോർപ്പറേഷന്‍. കാസർഗോഡ് മുളിയാറിലെ ഫാക്ടറിയിലാണ് നിർമ്മാണം.

കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കുന്നതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഒസിയാന കാർബണേറ്റഡ് ഡ്രിങ്ക്, കശുമാങ്ങ സിറപ്പ് എന്നിവ വിപണിയിലെത്തിക്കുന്നത്. 10 വർഷം പ്രായമായ കശുമാവിൽ നിന്നും 10 കിലോ കശുവണ്ടി ലഭിക്കുമ്പോൾ 50 കിലോ കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായി പോകുകയാണ്. 100 ഗ്രാം കശുമാങ്ങയിൽ 180 മുതൽ 370 മില്ലി ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

കൂടാതെ ധാതുക്കൾ, ലവണങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഇതിൽ നിർജലീകരണ ഘടകങ്ങൾ ഉള്ളതിനാൽ കോശങ്ങളുടെ സംരക്ഷണത്തിനും യുവത്വം നിലനിർത്താനും പല ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുമെന്ന് പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കണക്കുകളും പഠനവും വ്യക്തമാക്കുന്നു. പക്ഷെ, കറയുള്ളത് കൊണ്ട് അധികമാരും ഇത് കഴിക്കാറില്ല. കശുമാങ്ങയ്ക്ക് ചവർപ്പ് നൽകുന്നത് ടാനിനാണ്.

പഴച്ചാറിൽ കഞ്ഞി വെള്ളം ഒഴിച്ചോ ചവ്വരി കുറുക്കി ചേർത്തോ ചവർപ്പ് മാറ്റിയതിന് ശേഷമാണ് ഇരട്ടി മധുരം ചേർത്ത് പൾപ്പ് ഉണ്ടാക്കുന്നത്. കശുമാങ്ങ നീരിൽ നിന്നുമാണ് സിറപ്പ്, കാർബണേറ്റഡ് ഡ്രിങ്ക്, സോഡാ എന്നിവ നിർമ്മിക്കുന്നത്. ആരോഗ്യത്തിന് ഗുണകരമായതിനാൽ സംസ്ഥാനത്തിനകത്തും പുറത്തും കൂടുതൽ വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.


നിലവിൽ പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെ ബോട്ടിൽഡ് കാർബണേറ്റഡ് ഡ്രിങ്കുകൾ മാത്രമാണ് വിൽപ്പന നടത്താനാകുന്നത്. എന്നാൽ കാസർഗോഡ് പുതിയ പ്ലാൻ്റ് സ്ഥാപിച്ചതോടെ ഒൻപത് ലക്ഷമാണ് ലക്ഷ്യം വയ്ക്കുന്നത്.  ഒപ്പം കശുമാങ്ങാ സിറപ്പും വിപണിയിലെത്തും. ഇതോടെ കശുവണ്ടിക്കൊപ്പം കശുമാങ്ങയ്ക്കും വില ലഭിക്കുകയും കർഷകർക്ക് കൃഷി ലാഭത്തിലേക്കെത്തിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് കൃഷി വകുപ്പ് കണക്കുകൂട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com