അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ കേരളം; ഗവേഷണം ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ്

ഐസിഎംആർ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ വിദഗ്‌ധ സംഘടനകളുമായി ചേര്‍ന്നാകും ഗവേഷണ പ്രവർത്തനങ്ങൾ നടക്കുക
അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ കേരളം; ഗവേഷണം ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ്
Published on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിക്കുന്നതിൻ്റെ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പ്. ഇതിനായി വിദഗ്‌ധ സംഘടനകളുമായി ചേർന്ന് ഗവേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്.  പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരത്ത് സാങ്കേതിക ശിൽപശാല നടത്തി. 

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 19 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. അസുഖത്തെ തുടർന്ന് അഞ്ചുപേർ മരിച്ചു. ചികിത്സയിൽ തുടരുന്നതിൽ 4 പേർ രോഗമുക്തരായി. മരണനിരക്ക് 97 ശതമാനമുള്ള രോഗത്തിൽ നിന്ന് നാലുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞ സാഹചര്യത്തിലാണ് രോഗത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ തീരുമാനിച്ചിരിക്കുന്നത്. ഐസിഎംആർ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ വിദഗ്‌ധ സംഘടനകളുമായി ചേര്‍ന്നാകും ഗവേഷണ പ്രവർത്തനങ്ങൾ നടക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഗവേഷണം നടത്തുന്നതെന്നും ആരാഗ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബയുടെ സാന്നിധ്യമുള്ള മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. എന്നാൽ അതേ ജലസ്രോതസ് ഉപയോഗിച്ച നിരവധി പേർക്ക് രോഗം ബാധിച്ചിട്ടുമില്ല. ഇതിൻ്റെ കാരണം കണ്ടെത്താനായി ഐസിഎംആറിൻ്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ കേസ് കണ്‍ട്രോള്‍ പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന ശിൽപശാലയിൽ അമീബയുടെ വളര്‍ച്ചയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന സാഹചര്യങ്ങൾ വിശദമായി പഠിച്ച് കർമപദ്ധതി രൂപീകരിക്കാനും ശിൽപശാലയിൽ തീരുമാനമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com