"ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിൽ വിദ്യാർഥികളോട് ക്ഷമ ചോദിക്കുന്നു, രാഷ്ട്രീയ താൽപര്യങ്ങളില്ല"; പ്രതികരണവുമായി കേരള സർവകലാശാല അധ്യാപകൻ

ഉടൻ തന്നെ പൊലീസിൽ പരാതി നൽകി എന്നും അധ്യാപകൻ അറിയിച്ചു
"ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിൽ വിദ്യാർഥികളോട് ക്ഷമ ചോദിക്കുന്നു, രാഷ്ട്രീയ താൽപര്യങ്ങളില്ല"; പ്രതികരണവുമായി കേരള സർവകലാശാല അധ്യാപകൻ
Published on

കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അധ്യാപകൻ. താൻ ബൈക്കിൽ പോകുമ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടമായത് എന്നും ഉടൻ തന്നെ പൊലീസിൽ പരാതി നൽകി എന്നും അധ്യാപകൻ അറിയിച്ചു.

താൻ 10- 12 കിലോമീറ്ററിന് ഉള്ളിൽ തന്നെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞുവെന്നും, തനിക്ക് ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളില്ല എന്നും അധ്യാപകൻ അറിയിച്ചു. രാഷ്ട്രീയ താൽപര്യങ്ങളുണ്ട് എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്. എല്ലാ കടകളിലും മറ്റും ഉത്തരക്കടലാസ് കിട്ടാനുള്ള സാഹചര്യമുണ്ടോ എന്ന് അന്വേഷിച്ചതായും അധ്യാപകൻ പറഞ്ഞു. 

"ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിൽ വിദ്യാർഥികളോട് ക്ഷമ ചോദിക്കുന്നു. പരീക്ഷ പേപ്പർ മൂല്യനിർണയം വീടുകളിൽ നടത്തുന്നതിൽ മാറ്റം വേണം. വാല്യുവേഷൻ സെന്ററുകളിൽ നടത്തുന്നതാണ് നല്ലത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് യൂണിവേഴ്സിറ്റിയെ അറിയിച്ചു. പാലക്കാട് നോർത്ത് പൊലീസിൽ പരാതി നൽകി. വീണ്ടും പരീക്ഷ നടത്തുന്നതാണ് നല്ലത്. പരീക്ഷ പേപ്പർ വാങ്ങി പോകുമ്പോൾ എനിക്ക് ഒരു ദുരന്തമുണ്ടായാൽ എന്താണ് ചെയ്യുക. അങ്ങനെ കണ്ടാൽ പോരേ. പേപ്പർ കിട്ടിയത് നഷ്ടമാകുന്നതിന് രണ്ടാഴ്ച മുൻപ്. ഒരു വർഷമായി പേപ്പർ കൈവശമുണ്ടെന്ന യൂണിവേഴ്സിറ്റി വാദം ശരിയല്ല," അധ്യാപകൻ പറഞ്ഞു.

കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതില്‍ മുല്യനിർണയം നടത്തിയ അധ്യാപകന് ഗുരുതര വീഴ്ചയെന്ന് സർവകലാശാല കണ്ടെത്തിയിരുന്നു. ഉത്തര കടലാസ് നഷ്ടമായത് പാലക്കാട് നിന്ന് ബൈക്കിൽ വരുന്നതിനിടെയാണെന്നും സർവകലാശാലയെ അറിയിക്കാൻ വൈകിയെന്നും ആയിരുന്നു കണ്ടെത്തൽ. അധ്യാപകനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും. പ്രാഥമിക അന്വേഷണത്തിലാണ് അധ്യാപകന് വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയത്. കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം വാങ്ങിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകാനും തീരുമാനമുണ്ട്.

മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 71 വിദ്യാർഥികളുടെ ഉത്തര കടലാസാണ് നഷ്ടമായത്. 2022-2024 ബാച്ച് വിദ്യാർഥികൾക്കാണ് ദുരവസ്ഥ. വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്നാണ് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com