
കിഴക്കന്‍ അതിർത്തിയിലെ വിമതനീക്കത്തെചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടെ കോംഗോ തലസ്ഥാനത്ത് വ്യാപകാതിക്രമങ്ങളും കൊള്ളയും. കിന്‍ഷാസയിലെ ഒരു സൂപ്പർമാർക്കറ്റ് പ്രക്ഷോഭകാരികള്‍ കൊള്ളയടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. റുവാണ്ട, കെനിയ, ഫ്രാൻസ്, യുഎസ് എംബസികളും ഐക്യരാഷ്ട്രസഭാ കെട്ടിടവും അടിച്ചുതകർത്ത അക്രമികള്‍ പലയിടത്തും തീവെയ്പ്പുനടത്തി.
എം 23 വിമതരെ മുന്‍നിർത്തി റുവാണ്ട നടത്തുന്ന അട്ടിമറി ശ്രമത്തെ പിന്തുണയ്ക്കുന്നു എന്ന് പ്രതിഷേധകർ ആരോപിക്കുന്ന പാശ്ചാത്യ, ആഫ്രിക്കൻ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം കോംഗോയിലെ ഗോമ നഗരം വിമത സൈന്യം പിടിച്ചടക്കിയിരുന്നു. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് തലവേദനയായി കൊള്ളയും, തീവയ്പ്പുമെല്ലാം നടക്കുന്നത്.
റുവാണ്ടയുടെ പിന്തുണയോടെയുള്ള വിമതമുന്നേറ്റം ആഫ്രിക്കയെ മറ്റൊരു പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമോ ആശങ്കയാണ് നിലവിൽ ഉയർത്തുന്നത്. 30 വർഷമായി കിഴക്കന്‍ കോംഗോയെ സംഘർഷഭൂമിയാക്കുന്ന വംശീയസംഘർഷങ്ങളാണ് ഇപ്പോഴത്തെ വിമത അട്ടിമറിയില്‍ എത്തിനില്‍ക്കുന്നത്.
8 ലക്ഷത്തോളം ടുട്സി, ഹൂട്ടു മിതവാതികളെ തീവ്ര ഹൂട്ടു സെെന്യം കൊന്നൊടുക്കിയ 1994-ലെ റുവാണ്ടൻ വംശഹത്യയ്ക്കുശേഷം, മുതൽ 30 വർഷത്തിലേറെയായി സംഘർഷങ്ങളുടെ വിളനിലമാണ് ധാതുസമ്പന്നമായ കോംഗോയുടെ കിഴക്കന്‍ അതിർത്തി പ്രദേശങ്ങള്‍. റുവാണ്ടയുടെ ഇപ്പോഴത്തെ പ്രസിഡൻ്റായ പോൾ കഗാമെയുടെ നേതൃത്വത്തിൽ ടുട്സി വിമത സേന ഹുട്ടു സെെന്യത്തെ തുരത്തിയതോടെയാണ് വംശഹത്യ അവസാനിച്ചത്.