ജയചന്ദ്രനും യേശുദാസും; അരനൂറ്റാണ്ടിലേറെ മലയാളി കേട്ട് അനുഭവിച്ച പ്രതിഭകൾ

സംസ്ഥാന സ്കൂൾ കലോൽസവം കൊണ്ട് ലക്ഷ്യമിട്ടത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് യേശുദാസും പി. ജയചന്ദ്രനും
ജയചന്ദ്രനും യേശുദാസും; അരനൂറ്റാണ്ടിലേറെ മലയാളി കേട്ട് അനുഭവിച്ച പ്രതിഭകൾ
Published on

സംസ്ഥാന സ്കൂൾ കലോൽസവം കൊണ്ട് ലക്ഷ്യമിട്ടത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് യേശുദാസും പി. ജയചന്ദ്രനും. സംഗീതത്തിലേയും നൃത്തത്തിലേയും സാഹിത്യത്തിലേയും മഹാപ്രതിഭകളെ നാടിനു മുന്നിൽ നിർത്തുക എന്ന ആ ലക്ഷ്യം രണ്ടാം കലോൽസവത്തിൽ തന്നെ സഫലമായത് ഇരുവരുടേയും ഒന്നാം സ്ഥാനം കൊണ്ടാണ്.



വർഷം 1958. രണ്ടാമത്തെ സംസ്ഥാന സ്കൂൾ കലോൽസവ അരങ്ങ്. സമാപന ദിവസം ഒന്നാം സ്ഥാനക്കാരുടെ കലാപരിപാടികൾ. ശാസ്ത്രീയ സംഗീതത്തിൽ ഒന്നാംസ്ഥാനം നേടിയ കെ.ജെ. യേശുദാസിന്‍റെ വായ്പ്പാട്ട്. കേൾക്കാൻ അരങ്ങിന്‍റെ മുന്നിൽ നിൽക്കുന്നത് പിതാവ് അഗസ്റ്റിൻ ജോസഫ്. ആ സംഗീതത്തിന് മൃദംഗം വായിക്കുന്നത് ഒന്നാം സ്ഥാനം നേടിയ പി. ജയചന്ദ്രൻ. അഗസ്റ്റിൻ ജോസഫിന് അടുത്തു നിന്ന് അതാസ്വദിക്കുന്നത് ജ്യേഷ്ഠൻ പി. സുധാകരൻ. ആ നിൽപ്പിൽ അഗസ്റ്റിൻ ജോസഫും പി. സുധാകരനും പരിചയക്കാരായി. അരങ്ങിൽ നിന്ന് ഇറങ്ങിവന്ന യേശുദാസും സുധാകരനും അടുത്ത സുഹൃത്തുക്കളുമായി. മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ പി. ജയചന്ദ്രൻ ലളിത സംഗീതത്തിലും ഒന്നാം സ്ഥാനക്കാരനായിരുന്നു. രണ്ട് ഒന്നാം സ്ഥാനം ഉണ്ടെങ്കിലും യേശുദാസിനേക്കാൾ നാലുവയസ്സ് ചെറുപ്പമായ ജയചന്ദ്രൻ ആ കൂട്ടത്തിൽ കേൾവിക്കാരനായ ബാലനായി നിന്നു.

യേശുദാസും സുധാകരനും വലിയ അടുപ്പക്കാരായി, സുഹൃത്തുക്കളായി. ആകാശവാണിയിൽ ശബ്ദപരിശോധനയ്ക്കു പോയി തിരസ്കരിക്കപ്പെട്ടു മടങ്ങിയ യേശുദാസിനെ ചേർത്തു നിർത്താൻ സുധാകരൻ ഒപ്പം ചെന്നു. മൂന്നു വർഷത്തിനുള്ളിൽ 1961ൽ കാൽപ്പാടുകളിൽ ജാതിഭേദം മതദ്വേഷം പാടി യേശുദാസ് മലയാള സിനിമയിൽ ഉദിച്ചുയർന്നു. യേശുദാസിനേക്കാൾ നാലുവയസ്സു ചെറുപ്പമായ ജയചന്ദ്രൻ കൃത്യം നാലുവർഷത്തിനു ശേഷം 1965ൽ ആദ്യ ഗാനം പാടി. കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിൽ മുല്ലപ്പൂ മാലയുമായി എന്ന ഗാനം. അതിനു വഴി ഒരുക്കിയത് യേശുദാസും സുധാകരനുമായുള്ള സൗഹൃദമായിരുന്നു. 1966ൽ ഇരുപത്തിരണ്ടാം വയസ്സിൽ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനത്തിലൂടെ ജയചന്ദ്രൻ യേശുദാസിന്‍റേയും സുധാകരന്‍റേയും നിഴൽ വിട്ട് നടക്കാൻ തുടങ്ങി. തൊട്ടടുത്തവർഷം എക്കാലത്തേയും സൂപ്പർഹിറ്റ് അനുരാഗഗാനം പോലെ.



പാട്ടിൽ രണ്ടുവഴികളായിരുന്നു യേശുദാസിനും ജയചന്ദ്രനും. ശാസ്ത്രീയ സംഗീതത്തിന്‍റെ ചിട്ടകൾ ഒപ്പിച്ച് ഓരോ രാഗത്തേയും പൂർണമാക്കി യേശുദാസ് പാടി. ശബ്ദം നിലനിർത്താൻ കടുത്ത ചിട്ടകൾ പാലിച്ചു. ഭാവവും മോഹവും ആയിരുന്നു ജയചന്ദ്രന്‍റെ ഗുരുക്കന്മാർ. ഐസ്ക്രീം ആവോളം സേവിച്ചും വിരുദ്ധ ഭക്ഷണങ്ങൾ തോന്നുംപോലെ കഴിച്ചും എല്ലാ സംഗീത ചിട്ടകളേയും തെറ്റിച്ചു. യേശുദാസ് സംഗീതത്തിന്‍റെ ഓരോ സൂക്ഷ്മമാറ്റങ്ങളും കാലത്തിനൊപ്പം അറിഞ്ഞുപാടി. ജയചന്ദ്രൻ തലമുറയുടെ ഓരോ സൂക്ഷ്മമാറ്റങ്ങളും അറിഞ്ഞ് അവർക്കായി പാടി. ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല ഇങ്ങനെ പരസ്പരം അറിഞ്ഞ് അരനൂറ്റാണ്ടിലേറെ നിലനിന്ന രണ്ടു മഹാപ്രതിഭകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com