കെ.എല്‍. രാഹുല്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചു; മിന്നും ഫോമിലുള്ള ഷമിയെ തിരികെ വിളിച്ചേക്കും

പരുക്കില്‍ നിന്ന് മുക്തനായ താരം ഞായറാഴ്ച നെറ്റ്‌സിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്
കെ.എല്‍. രാഹുല്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചു; മിന്നും ഫോമിലുള്ള ഷമിയെ തിരികെ വിളിച്ചേക്കും
Published on
Updated on


വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. കൈക്കുഴയ്ക്ക് പരുക്കേറ്റ ഇന്ത്യയുടെ മധ്യനിര ബാറ്റർ കെ.എല്‍. രാഹുല്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചതായാണ് ഏറ്റവും പുതിയ വിവരം. വെള്ളിയാഴ്ച പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സെഷനിടെയായിരുന്നു രാഹുലിന് പരുക്കേറ്റത്. പരുക്കില്‍ നിന്ന് മുക്തനായ താരം ഞായറാഴ്ച നെറ്റ്‌സിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമാണ്. ശനിയാഴ്ച പരിശീലന മത്സരത്തിനിടെ ഓപ്പണർ ശുഭ്മൻ ​ഗില്ലിനും കൈവിരലിന് ഇടതു തള്ളവിരലിന് പരുക്കേറ്റിരുന്നു. താരത്തിന് മൂന്ന് ദിവസം വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷമെ ഗിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

അതേസമയം, രഞ്ജി ട്രോഫിയിൽ മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന പേസർ മുഹമ്മദ് ഷമിയെ ബോർഡർ-​ഗവാസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ 43.2 ഓവർ എറിഞ്ഞ മുഹമ്മദ് ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ താരം പൂർണ കായികക്ഷമത വീണ്ടെടുത്തുവെന്നാണ് വിലയിരുത്തൽ. പിന്നാലെയാണ് ഷമിയെ ദേശീയ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്. പെർത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന് ശേഷമെ ഷമിയെ കളിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി കളിച്ചത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷമായി താരം ​ഗ്രൗണ്ടിന് പുറത്താണ്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. ഈ വർഷം ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഷമി ​പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്.

നവംബർ 22നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 2018ന് ശേഷം ആദ്യമായി ബോർഡർ-​ഗവാസ്കർ ട്രോഫി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. എന്നാൽ തുടർച്ചായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ-​ഗവാസ്കർ ട്രോഫി നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com