
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ മുൻ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ സന്ദീപ് ഘോഷിൻ്റെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് സിബിഐ നുണപരിശോധനയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. നുണപരിശോധന നടത്താൻ കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.
കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ചും, കുറ്റകൃത്യം നടന്ന സെമിനാർ ഹാളിന്റെ നവീകരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നടപടികളെക്കുറിച്ചും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനകം പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ചെങ്കിലും ഘോഷിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഘോഷിനെ മറ്റൊരു മെഡിക്കൽ കോളേജിലും നിയമിക്കരുതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന് കൽക്കട്ട ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊൽക്കത്ത പൊലീസ് സന്ദീപ് ഘോഷിനെതിരെ അഴിമതിക്കേസും രജിസ്റ്റർ ചെയ്തിരുന്നു. സർക്കാർ നടത്തുന്ന ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.