
കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല നടന്ന ആർജി കർ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്‍റെ അംഗത്വം റദ്ദാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടറുടെ കൊലപാതകത്തിനു പിന്നാലെ സിബിഐ സന്ദീപിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഐഎംഎയുടെ നടപടി. ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിയും സന്ദീപിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡോക്ടറുടെ കൊലപാതകത്തിനു ശേഷം നടന്ന സംഭവങ്ങളില്‍ സന്ദീപ് അനുതാപമില്ലാതെയാണ് പെരുമാറിയതെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയതായി ഐഎംഎ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല, ബംഗാളിലെ ഡോക്ടർമാർ സന്ദീപിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും പ്രസ്താവന എടുത്തുകാട്ടുന്നു. സന്ദീപ് തന്‍റെ പ്രവൃത്തികളാല്‍ തൊഴിലിന് അപകീർത്തി വരുത്തിയെന്നാണ് ഡോക്ടർമാരുടെ ആരോപണം.
അതേസമയം, ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കാനുള്ള ആലോചനയിലാണ് ബംഗാൾ സര്‍ക്കാര്‍. അടുത്ത ആഴ്ച നിയമസഭ വിളിക്കുമെന്നും പത്ത് ദിവസത്തിനകം ബില്‍ പാസാക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബലാത്സംഗക്കൊലയിൽ ബന്ദ് നടത്തിയ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. കൊൽക്കത്തയിൽ കഴിഞ്ഞദിവസം വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്.