
കൊല്ലത്ത് ഇരവിപുരത്തെ യുവാവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് കുത്തേറ്റ് മരിച്ച അരുണിൻ്റെ ബന്ധുക്കൾ. കൊലപാതകം കരുതിക്കൂട്ടി ഉള്ളതായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. അരുണിനെ കൊലപ്പെടുത്താൻ പ്രതി പ്രസാദ് മുൻകൂട്ടി തീരുമാനിച്ചിരുന്നു. ഇതിനായി കത്തി കൈയിൽ കരുതിയിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
അരുണിനെ പ്രസാദ് പലതവണ ജാതിയും മതവും പറഞ്ഞു അപമാനിച്ചിട്ടുണ്ടെന്ന് അരുണിന്റെ അമ്മയുടെ സഹോദരി സന്ധ്യ ആരോപിച്ചു. പ്രസാദിന്റെ മകളുമായി അരുണിന് എട്ടാം ക്ലാസ്സിൽ തുടങ്ങിയ ബന്ധമാണെന്നും സന്ധ്യ പറഞ്ഞു.
Also Read: കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തികൊന്നു
മകളെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ് ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം നടന്നിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുവീട്ടിലേക്ക് ഇയാൾ അരുണിനെ വിളിച്ച് വരുത്തി. അവിടെ എത്തിയ അരുണിൻ്റെ സുഹൃത്തുക്കളും പ്രസാദും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. സംഘർഷത്തിനിടെയാണ് അരുണിനെ പ്രസാദ് കത്തി ഉപയോഗിച്ച് കുത്തിയത്. അരുണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.