ലഹരിച്ചുഴിയിൽ കേരളം; മകനെ നഷ്ടമായ തീരാസങ്കടത്തിനിടയിലും ഭീതിയൊഴിയാതെ മാതാപിതാക്കൾ

ഒരു വീടിൻ്റെ അത്താണിയും സന്തോഷവും ആയിരുന്നവൻ പെട്ടെന്ന് ഒരു ദിവസം ഇല്ലാതായതിൻ്റെ ഓർമ്മയിൽ ഉള്ളു നീറിയാണ് ആ കുടുംബം ഇന്ന് ആർക്കോ വേണ്ടി ജീവിച്ച് തീർക്കുന്നത്
ലഹരിച്ചുഴിയിൽ കേരളം; മകനെ നഷ്ടമായ തീരാസങ്കടത്തിനിടയിലും ഭീതിയൊഴിയാതെ മാതാപിതാക്കൾ
Published on

ലഹരി, ഗുണ്ടാ മാഫിയയുടെ ഭീതിയിലാണ് തിരുവനന്തപുരം കരമനയിലെ അഖിലിൻ്റെ കുടുംബം. 2024 മെയ് 10നാണ് ലഹരി,ഗുണ്ടാ മാഫിയ അഖിലിനെ തല്ലിക്കൊന്നത്. മകനെ നഷ്ടമായ തീരാസങ്കടത്തിനിടയിലും അഖിലിൻ്റെ മാതാപിതാക്കൾ ഭീതിയൊഴിയാതെ കഴിയുകയാണ്. വീടിന് സമീപം അപരിചിതർ വന്ന് ഇപ്പോഴും വധഭീഷണി മുഴക്കാറുണ്ടെന്ന് കുടുംബം പറയുന്നു.


2024 എപ്രിൽ 26 പാപ്പനംകോട് ബാറിലേക്ക് കയറുമ്പോൾ വാതിൽ പടിയിൽ നിന്ന് മാറി കൊടുക്കാത്തതിലെ തർക്കമാണ് കൊലയിൽ കലാശിച്ചത്. 2019-ൽ കരമനയിൽ അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പുരയിടത്തിൽെവച്ച് അതിക്രൂരമായി മർദിച്ചു കൊന്ന കേസിലെ പ്രതികളാണ് 5 വർഷത്തിന് ശേഷം അഖിലിൻ്റേയും ജീവനെടുത്തത്. ഇക്കഴിഞ്ഞ മെയ് 10 ന് വൈകിട്ട് പ്രതികൾ അനന്തു കൊലക്കേസിൽ നെടുമങ്ങാട് പട്ടികജാതി-വർഗ പ്രത്യേക കോടതിയിൽ ഹാജരായി തിരികെ കരമനയിൽ എത്തി. പിന്നീട് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും അഖിലിൻ്റെ ജീവനെടുക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് സംഘത്തിലെ നാലുപേർ മരുതൂർക്കടവ് പാലംവഴി കൈമനം ഭാഗത്തേക്ക് ആയുധങ്ങൾ ഒന്നും കരുതാതെ എത്തിയ കൊലയാളി സംഘം കയ്യിൽ കിട്ടിയ കരിങ്കല്ലും കമ്പും വടിയും ഉപയോഗിച്ച് അഖിലിനെ അതിക്രൂരമായി തല്ലി കൊല്ലുകയായിരുന്നു. മരണം ഉറപ്പിക്കാൻ കോൺക്രീറ്റ് കട്ടകൾ പല തവണ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു. മൂന്നേ മൂന്നു മിനിറ്റിൽ ജീവനെടുത്ത അരുംകൊല. ആ ഞെട്ടലിൽ നിന്ന് ഇന്നും അഖിലിൻ്റെ അമ്മയും അച്ഛനും മുക്തമായിട്ടില്ല. ദിവസങ്ങൾ നീണ്ട ആസൂത്രണമാണ് കൊലപാതകത്തിന് പിന്നിൽ. താമസസ്ഥലവും ദിനചര്യകളും എല്ലാം കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് പ്രതികൾ അഖിലിനെ തേടി എത്തിയത്.


കൊലപാതകത്തിൻ്റെ രീതിയിൽ തന്നെ ലഹരിക്കൊലകളിൽ ആവർത്തിക്കുന്ന അതിക്രൂരതയുടെ സ്വഭാവം കാണാം. പിടിയിലാകുമ്പോഴും പ്രതികളുടെ കൈവശം രാസലഹരിയുണ്ടായിരുന്നു. ഒരു വീടിൻ്റെ അത്താണിയും സന്തോഷവും ആയിരുന്നവൻ പെട്ടെന്ന് ഒരു ദിവസം ഇല്ലാതായതിൻ്റെ ഓർമ്മയിൽ ഉള്ളു നീറിയാണ് ആ കുടുംബം ഇന്ന് ആർക്കോ വേണ്ടി ജീവിച്ച് തീർക്കുന്നത്.

വീട്ടിലുണ്ടാകുമ്പോൾ അമ്മ വാരി കൊടുത്താൽ മാത്രം ഭക്ഷണം കഴിച്ചിരുന്ന മകന് ഇന്നും കണ്ണ് കലങ്ങിയും ഉള്ളു പിടഞ്ഞും ഒരോ നേരവും അമ്മ ഇങ്ങനെ ഭക്ഷണം ഒരുക്കി വയ്ക്കും. "ഇപ്പോഴും അതേ ഗുണ്ടാ സംഘത്തിൽ ഉള്ളവരിൽ നിന്ന് ഭീഷണി ഉണ്ടെന്നും  പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട് പുറത്തിറങ്ങിയാൽ ഞങ്ങളെ കൊല്ലുമെന്നാണ് പറയുന്നത്", അഖിലിൻ്റെ അമ്മ പറഞ്ഞു. 

ഈ വാർത്താപരമ്പരയിൽ പലകുറി ഞങ്ങളാവർത്തിച്ചതാണ്, അഖിലും ഒരാളല്ല, രാസലഹരിക്കൂട്ടുകളുടെ പ്രഭാവത്തിൽ കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അരുംകൊലകളുടെ പരമ്പരയിൽ ഒരു ഇര മാത്രം. മദ്യശാലയുടെ വാതിൽക്കൽ തടസം നിന്നതിനെന്ന പേരിലുള്ള ഗുണ്ടകളുടെ പക മാത്രമല്ല, അതിനൊപ്പം വിവിധ ലഹരിക്കൂട്ടുകളും ചേർന്ന ക്രിമിനൽ കോക്ടെയിലാണ് അഖിലിൻ്റെ ജീവനെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com