ജനങ്ങൾ വാട്ടർ അതോറിറ്റിയുടെ ജലം ഉപയോഗിച്ചില്ല, ഉത്തരവാദിത്വം മറക്കരുത്; കൊമ്മേരിയിലെ മഞ്ഞപ്പിത്തത്തിൽ കോർപ്പറേഷൻ മേയർ

കൊമ്മേരിയിലെ ജനങ്ങൾക്ക് ബോധവത്കരണ ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്നും ബീന ഫിലിപ്പ് അറിയിച്ചു
ജനങ്ങൾ വാട്ടർ അതോറിറ്റിയുടെ ജലം ഉപയോഗിച്ചില്ല, ഉത്തരവാദിത്വം മറക്കരുത്; കൊമ്മേരിയിലെ മഞ്ഞപ്പിത്തത്തിൽ കോർപ്പറേഷൻ മേയർ
Published on


കൊമ്മേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ പ്രതികരണവുമായി കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. വാട്ടർ അതോറിറ്റിയുടെ ജലം ഉപയോഗിക്കാതെയാണ് ജനങ്ങൾ പ്രാദേശിക കുടിവെളള പദ്ധതിയെ ആശ്രയിക്കുന്നത് എന്ന് മേയർ പറഞ്ഞു. ജനങ്ങൾ ഉത്തരവാദിത്വം മറക്കരുത്. മഴ തുടങ്ങുന്നതിന് മുൻപ് കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യണം എന്ന് നിർദ്ദേശം നൽകിയിരുന്നു. കിണറുകൾ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ വാർഡ് കൗൺസിലറും ശ്രദ്ധിച്ചില്ല. പ്രദേശത്തെ രോഗവ്യാപനത്തിന്റെ കാര്യം ജനകീയ സമിതി കോർപ്പറേഷനെ അറിയിച്ചിരുന്നില്ല എന്നും മേയർ വ്യക്തമാക്കി. കൊമ്മേരിയിലെ ജനങ്ങൾക്ക് ബോധവത്കരണ ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്നും ബീന ഫിലിപ്പ് അറിയിച്ചു.

മഞ്ഞപ്പിത്തം പടർന്ന് പിടിച്ച കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി പ്രദേശമുൾപ്പെടുന്ന വാർഡിലെ ശുദ്ധജല സ്രോതസ്സിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രാദേശിക കുടിവെള്ള പദ്ധതിയുടെ വെള്ളത്തിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കൂടുതൽ ആളുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതോടെ വെള്ളത്തിന്റെ സാംപിൾ ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി 25 ആളുകളാണ് മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലുള്ള 23-കാരിക്ക് മഞ്ഞപിത്തം കരളിനെ ബാധിച്ചതിനാൽ ഗുരുതരാവസ്ഥയിലാണ്. രോഗം പടർന്നത് പ്രാദേശിക കുടിവെള്ള പദ്ധതിയിൽ നിന്നാണെന്ന സംശയം നാട്ടുകാരും പ്രകടിപ്പിച്ചിരുന്നു. 225 വീടുകൾ ആണ് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്നത്. ഈ പദ്ധതിയുൾപ്പെടുന്ന വീടുകളിൽ താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. അതേസമയം ഗുരുതര സാഹചര്യത്തിലും കോർപ്പറേഷൻ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com