
കോഴിക്കോട് എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ഉണ്ടായ ഇന്ധന ചോർച്ചയിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ അനിത കുമാരി. ഇന്ധനം ടാങ്കിൽ നിറയുമ്പോൾ ഉള്ള അലാം സംവിധാനം കൃത്യമായി പ്രവർത്തിച്ചില്ല എന്നും ഡെപ്യൂട്ടി കളക്ടർ അനിത കുമാരി പറഞ്ഞു.
സംഭവത്തിൽ വിശദമായ പരിശോധന നടത്തി. ടാങ്കിലെ ഇന്ധനം മുഴുവനായി നീക്കം ചെയ്യും. ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ട് എന്ന കാര്യവും പരിശോധിക്കുമെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. മത്സ്യങ്ങൾ ചത്തുപോയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. നാട്ടുകാരുടെ ആശങ്ക അകറ്റുമെന്നും ഡെപ്യൂട്ടി കളക്ടർ അനിത കുമാരി വ്യക്തമാക്കി.
ഇന്ന് രാവിലെ വീണ്ടും എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൽ നിന്ന് ഇന്ധന ചോർച്ചയുണ്ടായി. ജനവാസമേഖലയിലെ ഓടകളിലേക്കാണ് ഡീസൽ ഒഴുകിയെത്തിയത്. ഇന്ധനം വീണ്ടും ലീക്കായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡെപ്യൂട്ടി കളക്ടർ അനിത കുമാരി വിഷയത്തിൽ ഇടപെട്ടത്.
അതേസമയം, ഇന്ധന ചോർച്ചയിൽ സംയുക്ത പരിശോധന ഇന്ന് നടക്കും. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവരാണ് സംയുക്ത പരിശോധന നടത്തുക. സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തും. കഴിഞ്ഞദിവസം മുതലാണ് എലത്തൂരിലെ എച്ച്പിസിഎൽ സംഭരണ കേന്ദ്രത്തിൽ നിന്ന് ജനവാസമേഖലയിലെ ഓടകളിലേക്ക് ഡീസൽ ഒഴുകിയെത്താൻ തുടങ്ങിയത്.