കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ; കെട്ടിടം ബലപ്പെടുത്തുന്നത് സംബന്ധിച്ചുള്ള യോഗം ഇന്ന് ചേരും

2021ലാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ 30 വർഷത്തേക്ക് ആലിഫ് ബിൽഡേഴ്സിന് പാട്ടത്തിന് നൽകിക്കൊണ്ടുള്ള കരാറിൽ കെടിഡിഎഫ്‌സി ഒപ്പിട്ടത്
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ
Published on

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ടെർമിനൽ പാട്ടത്തിനെടുത്ത ആലിഫ് ബിൽഡേഴ്‌സിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. ടെർമിനൽ ബലപ്പെടുത്തേണ്ടത് ആലിഫ് ബിൽഡേഴ്‌സ് ആണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻ്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി).

2021ലാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ 30 വർഷത്തേക്ക് ആലിഫ് ബിൽഡേഴ്സിന് പാട്ടത്തിന് നൽകിക്കൊണ്ടുള്ള കരാറിൽ കെടിഡിഎഫ്‌സി ഒപ്പിട്ടത്. ഇതിന് പിന്നാലെ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐഐടി റിപ്പോർട്ടും പുറത്തു വന്നു. ടെർമിനലിലെ 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നായിരുന്നു മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. ഇതോടെ കെട്ടിടം ബലപ്പെടുത്തിയശേഷം കൈമാറാമെന്ന് കെടിഡിഎഫ്‌സി ആലിഫ് ബിൽഡേഴ്‌സിനെ അറിയിക്കുകയായിരുന്നു.

നടപടികൾ വൈകിയതോടെ കെട്ടിടം ബലപ്പെടുത്തി ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ആലിഫ് ബിൽഡേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കെടിഡിഎഫ്‌സി നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. കെട്ടിടം നിലവിലെ അവസ്ഥയിൽ തന്നെ ഏറ്റെടുക്കണമെന്നാണ് ധാരണയെന്നും ബലപ്പെടുത്തൽ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കെടിഡിഎഫ്‌സി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

അതിനിടെ കെട്ടിടം നിലവിലെ അവസ്ഥയിൽ തന്നെ ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കെടിഡിഎഫ്‌സി ആലിഫ് ബിൽഡേഴ്സിന് കത്തയച്ചു. ഇതിനെതിരെ പരാതിയുമായി ആലിഫ് ബിൽഡേഴ്സ് മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com