വന്‍കുടലില്‍ ക്ഷതം കണ്ടപ്പോള്‍ തന്നെ വേണ്ട ചികിത്സ ഉറപ്പാക്കി; പേരാമ്പ്ര സ്വദേശിനിയുടെ മരണത്തില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

'ഫീക്കല്‍ പെരിറ്റൊണൈറ്റിസ് എന്ന അവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുറന്ന ശസ്ത്രക്രിയ നടത്തിയത്'
വന്‍കുടലില്‍ ക്ഷതം കണ്ടപ്പോള്‍ തന്നെ വേണ്ട ചികിത്സ ഉറപ്പാക്കി; പേരാമ്പ്ര സ്വദേശിനിയുടെ മരണത്തില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്
Published on


ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണക്കുറിപ്പുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. ഓപ്പറേഷന്‍ സമയത്ത് ഗര്‍ഭാശയവും അണ്ഡാശയവും തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഭാഗം വിടര്‍ത്തുമ്പോള്‍ വന്‍കുടലിന്റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തുകയും അപ്പോള്‍ തന്നെ ജനറല്‍ സര്‍ജനെ വിളിച്ചുവരുത്തി ലാപ്രോസ്‌കോപ്പി വഴി ആ ക്ഷതം തുന്നിച്ചേര്‍ക്കുകയും ചെയ്തുവെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ രക്തസ്രാവം ഉണ്ടായെന്ന് സംശയിച്ചതിനാല്‍ ജനറല്‍ സര്‍ജന്‍ അടിയന്തരമായി വയര്‍ തുറന്ന് ശസ്ത്രക്രിയ ചെയ്യുകയും കുടലില്‍ തുന്നല്‍ ഇട്ട ഭാഗത്ത് ലീക്ക് കാണുകയും വേണ്ട ചികിത്സ ഉറപ്പുവരുത്തിയെന്നുമാണ് വിശദീകരണ കുറിപ്പില്‍ പറയുന്നത്.

മാര്‍ച്ച് ഏഴിനാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ ഗര്‍ഭാശയവും അണ്ഡാശയവും നീക്കം ചെയ്തത്. എന്നാല്‍ തുടര്‍ന്ന് ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് പത്തിനാണ് തുറന്ന ശസ്ത്രക്രിയ നടത്തിയത്. ഫീക്കല്‍ പെരിറ്റൊണൈറ്റിസ് എന്ന അവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുറന്ന ശസ്ത്രക്രിയ നടത്തിയത്.

ഇതിന് ശേഷം രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും രോഗിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മാര്‍ച്ച് 12ന് മരിച്ചെന്നും മെഡിക്കല്‍ കോളേജ് വിശദീകരണ കുറിപ്പില്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനി (57) യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ഗര്‍ഭപാത്രം മാറ്റുന്നതിനിടെ കുടല്‍ മുറിഞ്ഞുവെന്നും ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടായെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കുടലിന് പോറല്‍ ഉണ്ടായെന്ന് ഡോക്ടര്‍ തന്നെ ഏറ്റു പറഞ്ഞതായും കുടുംബം വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com