എറാണാകുളം കുണ്ടന്നൂരിൽ വച്ച് കൈവിലങ്ങോടെയാണ് പ്രതി രക്ഷപ്പെട്ടത്
പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം വീണ്ടും പിടിയിൽ. എറണാകുളം കുണ്ടന്നൂരിൽ വെച്ച് കൈവിലങ്ങോടെയാണ് പ്രതി രക്ഷപ്പെട്ടത്. തമിഴ്നാട് സ്വദേശി സന്തോഷാണ് ചാടിപ്പോയത്. കുണ്ടന്നൂർ പാലത്തിന് താഴെ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
നാല് മണിക്കൂറിന് ശേഷമാണ് പ്രതിയെ പൊലീസിന് കണ്ടെത്താനായത്. മണ്ണിൽ കുഴിയുണ്ടാക്കി ഇയാൾ ഒളിച്ചിരിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്. പ്രതിയെ ആലപ്പുഴയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.
ആലപ്പുഴയിലും എറണാകുളത്തും ഭീതി വിതയ്ക്കുന്ന കുറുവ സംഘത്തെ പിടികൂടാൻ പൊലീസ് രാത്രി പരിശോധന കർശനമാക്കിയിരുന്നു. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരിൽ പരിശോധന നടന്നു.
ആലപ്പുഴയിൽ കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കവർച്ചകൾക്ക് പിന്നിൽ കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
Also Read: സംസ്ഥാനത്ത് ഭീതി വിതച്ച് കുറുവാ സംഘം; വല വിരിച്ച് പൊലീസ്
പരിശോധനയ്ക്കായി നാട്ടുകാരുടെ കാവൽ സ്ക്വാഡും സജ്ജമാണ്. കവർച്ച തുടർക്കഥയായതോടെ സംസ്ഥാനത്ത് ജനങ്ങൾ ഭീതിയിലായിരുന്നു.