fbwpx
തൊഴില്‍ ചൂഷണത്തിനൊപ്പം, ലൈംഗിക ചൂഷണവും; സംസാരിച്ചാല്‍ ജോലി ഇല്ലാതാകുമെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഭയപ്പെട്ടിരുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 19 Aug, 2024 07:26 PM

പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങളൊരുക്കുന്ന ഇത്തരം സംവിധാനങ്ങള്‍ മാംസക്കച്ചവടത്തിന് വരെ ഇടയാക്കുന്നതാണ്. ഇതൊന്നും ആരും നോക്കുന്നില്ല.

HEMA COMMITTEE REPORT



മലയാള സിനിമയില്‍ ഡാന്‍സര്‍മാരും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അനുഭവിക്കുന്ന കഷ്ടപ്പാടുകളിലേക്കുകൂടി വെളിച്ചം വീശുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ എന്തെങ്കിലുമൊരു ജോലി തേടി സിനിമാ മേഖലയില്‍ എത്തുന്നവര്‍ കടുത്ത ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആരുടെയെങ്കിലും പേരെടുത്ത് പറയുന്നില്ലെങ്കിലും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിട്ട ദുരനുഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇടം തേടിയിട്ടുണ്ട്. ഡാന്‍സര്‍മാര്‍ കമ്മിറ്റി അംഗങ്ങളോട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. അവസരം ഇല്ലാതായിപ്പോകുമെന്ന ഭയം അവരെ അലട്ടിയിരുന്നു. സമാനമായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരുടെ കാര്യവും. കമ്മിറ്റി അംഗങ്ങളോട് സംസാരിക്കാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. ഒടുവില്‍, ചില കോര്‍ഡിനേറ്റര്‍മാര്‍ വഴിയാണ് അവരുടെ പ്രശ്നങ്ങള്‍ കമ്മിറ്റിക്ക് മുന്നിലെത്തിയത്.


ALSO READ : പവര്‍ ഗ്രൂപ്പ് മുതല്‍ കാസ്റ്റിങ് കൗച്ച് വരെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഒറ്റനോട്ടത്തില്‍..


ഡാന്‍സര്‍മാരുടെ പ്രശ്നങ്ങള്‍ അറിയുന്നതിന്റെ ഭാഗമായി, ട്രേഡ് യൂണിയനുകളില്‍നിന്ന് കോണ്‍ടാക്ട് ഡീറ്റെയ്ല്‍സ് സംഘടിപ്പിച്ചശേഷം, ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. സിനിമ സെറ്റുകളില്‍ അവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കമ്മിറ്റിയുടെ താല്‍പ്പര്യം അറിയിച്ചുകൊണ്ട് ഗ്രൂപ്പില്‍ ഒരു മെസേജ് ഇട്ടു. ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു അവരുടെ പ്രതികരണം. ഗ്രൂപ്പിലിട്ട മെസേജിനോട് പ്രതികരിക്കുന്നതിനു പകരം, അവര്‍ ഓരോരുത്തരായി ഗ്രൂപ്പില്‍നിന്നും ലെഫ്റ്റ് ചെയ്യാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ പറയുന്നു. സിനിമയിലെ ആര്‍ക്കെങ്കിലും എതിരായി ഒന്നും കമ്മിറ്റി മുമ്പാകെ സംസാരിക്കരുതെന്ന് ഡാന്‍സര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ മനസിലാക്കാനായി. എന്നിട്ടും ഡാന്‍സര്‍മാരോട് സംസാരിക്കാനുള്ള ശ്രമം തുടര്‍ന്നു. ഒടുവില്‍ രണ്ടുപേര്‍ സംസാരിക്കാന്‍ തയ്യാറായി. എന്നാല്‍, സിനിമാ വ്യവസായത്തില്‍ ഒരു പ്രശ്നവും ഇല്ലെന്നും യൂണിയന്‍ വളരെ ശക്തമാണെന്നുമായിരുന്നു അവരുടെ പ്രതികരണം. പലരീതിയില്‍, എല്ലാ തരത്തിലും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും പ്രശ്നങ്ങളൊന്നും ഇല്ലെന്ന ഉത്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സിനിമയില്‍ അവസരം നഷ്ടപ്പെടും എന്നതുള്‍പ്പെടെ അനന്തരഫലങ്ങള്‍ ഭയപ്പെടുത്തുന്നതിനാലാണ് അവര്‍ വിലപ്പെട്ട പല വിവരങ്ങളും പുറത്തുപറയാത്തതെന്നായിരുന്നു കമ്മിറ്റിയുടെ അവസാന വിലയിരുത്തല്‍.


ALSO READ: 'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത് ' ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ...


സമാനമായ രീതിയില്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വിവരങ്ങള്‍ തേടാനും കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചു. പ്രായമായെന്നും ഇപ്പോള്‍ തമിഴ്നാട്ടിലാണെന്നും കൊച്ചിയിലോ അടുത്ത ജില്ലകളിലോ ഇല്ലെന്നുമായിരുന്നു ഇവരില്‍ ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. ഇങ്ങോട്ടു വരാന്‍ അവര്‍ താല്‍പ്പര്യമില്ലായെന്ന് അവരുടെ സംഭാഷണത്തില്‍നിന്ന് മനസിലാക്കാനായി. അതിനാല്‍ അവരുമായി ആശയവിനിമയം നടത്താനായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഫോണില്‍ വാട്സാപ്പ് ഇല്ലെന്നും ഇ-മെയില്‍ ഇല്ലെന്നും അവര്‍ അറിയിച്ചു. അതോടെ, അവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ കണ്ടെത്താനായി പരമാവധി ശ്രമിച്ചു. എന്നാല്‍, കമ്മിറ്റിക്ക് മുമ്പാകെ എന്തെങ്കിലും പറഞ്ഞാല്‍ സിനിമയില്‍ അവസരം ലഭിക്കില്ലെന്ന ഭയത്തിലായിരുന്നു അവരെന്ന് മനസിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും, അവസാനഘട്ടത്തില്‍, മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതികള്‍ കിട്ടിയതിന്റെ വെളിച്ചത്തില്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഗണിക്കണമെന്ന് കമ്മിറ്റിക്ക് സര്‍ക്കാരില്‍നിന്ന് നിര്‍ദേശം ലഭിച്ചു. അതനുസരിച്ച് പരാതിക്കാരനെ ബന്ധപ്പെട്ടപ്പോള്‍, സമിതിക്ക് മുമ്പാകെ വരാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭയമാണെന്ന് അദ്ദേഹം അറിയിച്ചു. ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ പുറത്തായാല്‍ അവര്‍ക്ക് അവസരം ഇല്ലാതാകുകയും, ആരും വര്‍ക്കിന് വിളിക്കാതായാല്‍ സാമ്പത്തികമായി ക്ലേശം അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹം കാരണം പറഞ്ഞത്. പക്ഷേ, സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാള്‍ മുന്നോട്ടുവന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ അനുഭവിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി.

സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നിരവധിപ്പേരാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായി മലയാളം സിനിമയില്‍ ജോലി ചെയ്യുന്നത്. ആള്‍ക്കൂട്ടം ചിത്രീകരിക്കണമെങ്കില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആവശ്യമാണ്, അവരുടെ സാന്നിധ്യം ഒഴിവാക്കാനാകാത്തതാണ്. എന്നാല്‍ അവരെ ആര്‍ട്ടിസ്റ്റുകളായി സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ അംഗീകരിക്കുന്നില്ല, അവര്‍ക്ക് അംഗത്വത്തിനും യോഗ്യതയില്ല. അവരെ ടെക്നീഷ്യന്മാരായും കാണുന്നില്ല, അതിനാല്‍ ഫെഫ്കയിലും അംഗത്വമില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കിക്കൊണ്ട് സിനിമ സാധ്യമാകില്ലെങ്കിലും, അവരെ സിനിമാ വ്യവസായത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ല. ഏജന്‍റുമാര്‍ അല്ലെങ്കില്‍ കോര്‍ഡിനേറ്റര്‍മാര്‍ വഴിയാണ് അവര്‍ ഓരോ പ്രൊഡക്ഷന്‍ യൂണിറ്റിലുമെത്തുന്നത്.


ALSO READ : നടി ആക്രമിക്കപ്പെട്ടത് മുതൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് വരെയുള്ള നാൾവഴിലൂടെ...


പലരും ഭയം മൂലം സംസാരിക്കാന്‍ തയ്യാറായില്ല. ചിലര്‍ തെളിവുകളോ മറ്റോ നല്‍കിയതുമില്ല. എങ്കിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ചില സെറ്റുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടിമകളേക്കാള്‍ മോശമായാണ് പരിഗണിച്ചിരുന്നതെന്ന സത്യം വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. രാവിലെ ഏഴ് മുതല്‍ രാത്രി കഴിഞ്ഞ് രണ്ട് വരെ, 19 മണിക്കൂറൊക്കെ പണിയെടുക്കുന്ന സാഹചര്യങ്ങളില്‍, ടോയ്‍ലറ്റ് സൗകര്യങ്ങള്‍ പോലും ലഭ്യമാക്കിയിരുന്നില്ല. ഒരു സെറ്റില്‍, തുറസായ സ്ഥലത്ത് ഷൂട്ടിങ്ങ് നടന്ന അവസരത്തില്‍, ചുട്ടുപൊള്ളുന്ന വെയിലത്ത് ഏറെനേരം നില്‍ക്കേണ്ടിവന്നതായി ഒരാള്‍ പറഞ്ഞു. മറ്റുള്ളവര്‍ കുട ഉപയോഗിക്കുന്ന സാഹചര്യത്തിലായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവന്നത്. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ യഥാസമയം നല്‍കിയതുമില്ല. ചില സെറ്റുകളില്‍ നല്ല ഭക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ പൊതുവില്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സെറ്റുകളില്‍ വെള്ളം പോലും ലഭിക്കാറില്ലെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മനുഷ്യത്വരഹിതമായ പെരുമാറ്റവും അനുഭവങ്ങളുമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ നേരിടേണ്ടിവരുന്നത്. നൂറുപേരാണ് വേണ്ടതെങ്കിലും ആയിരത്തോളംപേര്‍ സെറ്റില്‍ എത്തേണ്ട സാഹചര്യമുണ്ടായിരുന്നു. അതില്‍നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമായാണ് ഫുഡ് കൂപ്പണുകള്‍ നല്‍കിയിരുന്നത്. മറ്റുള്ളവര്‍ക്ക് തിരിച്ചുപോകാന്‍ അനുവാദമുണ്ടാകില്ല, അവരും സെറ്റില്‍ തന്നെ തുടരേണ്ടിവരുന്നു. അവര്‍ക്ക് ഭക്ഷണമോ വെള്ളം പോലുമോ നല്‍കുമായിരുന്നില്ല. ചില സെറ്റുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടില്ലാത്ത സമയങ്ങളില്‍ ഇരിക്കാനോ, വിശ്രമിക്കാനോയുള്ള ഇടം പോലുമില്ലായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് മരുന്ന് കഴിച്ചിരുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ക്ഷീണിതനായപ്പോള്‍ ഒരു കസേരയില്‍ ഇരുന്നതിനെത്തുടര്‍ന്ന്, ഇനി മേലില്‍ ജോലിക്ക് വരേണ്ടേന്ന് പറയുന്ന സാഹചര്യവുണ്ടായിട്ടുണ്ട്.

മോശം സാമ്പത്തിക സാഹചര്യങ്ങളാണ് സ്ത്രീകളിലേറെപ്പേരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജോലിയിലേക്ക് തള്ളിവിടുന്നത്. അവരില്‍ പലരും വിവാഹമോചിതരോ, ഭര്‍ത്താവോ ബന്ധുക്കളോ ഉപേക്ഷിച്ചവരോ, മറ്റേതെങ്കിലും ജോലി ലഭിക്കാത്തവരോ ആയിരിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടിലെ കാര്യങ്ങള്‍ക്കുമുള്ള പണം സ്വയം കണ്ടെത്തേണ്ട സാഹചര്യമാണ് അവരെ അങ്ങോട്ടെത്തിക്കുന്നത്. എന്നാല്‍ സമയത്തിന് വേതനം പോലും ലഭിക്കാറില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍പോലും ചിലപ്പോള്‍ വേതനം ലഭിക്കാറില്ല. പ്രൊഡ്യൂസറെയോ, അല്ലെങ്കില്‍ ആരാണോ അവരെ ജോലിക്ക് കൊണ്ടുവന്നത് അവരെയോ നേരിട്ട് കാണേണ്ടിവരും. പണിയെടുത്ത പൈസയ്ക്കായി ആവര്‍ത്തിച്ച് കെഞ്ചി ചോദിക്കേണ്ടിവരുന്നു. 1800 മുതല്‍ 5000 രൂപ വരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി പ്രൊഡക്ഷന്‍ നല്‍കുന്നുണ്ടെങ്കിലും അത്രയും തുക പലപ്പോഴും നല്‍കാറില്ല. പ്രതിദിനം 450 മുതല്‍ 500 രൂപ വരെയാണ് നല്‍കുന്നത്. ബാക്കി തുക ഇടനിലക്കാര്‍ സ്വന്തമാക്കും. ഭക്ഷണത്തിനും, യാത്രയ്ക്കുമുള്ള ചെലവ് അതില്‍ നിന്നുവേണം ഓരോ ജൂനിയര്‍ ആര്‍ട്ടിസ്റ്റും കണ്ടെത്താന്‍.

മേഖലയിലുള്ളവര്‍ തന്നെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ചിലര്‍ പറഞ്ഞു. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ സിനിമയില്‍ നല്ല അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇത്തരം ചൂഷണം ചെയ്യല്‍. അതിനായി സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകള്‍ വരെയുണ്ട്. പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങളൊരുക്കുന്ന ഇത്തരം സംവിധാനങ്ങള്‍ മാംസക്കച്ചവടത്തിന് വരെ ഇടയാക്കുന്നതാണ്. ഇതൊന്നും ആരും നോക്കുന്നില്ല. ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനം ചലച്ചിത്ര വ്യവസായത്തെ നിയന്ത്രിക്കുന്നതുമില്ല. അത് സ്ത്രീകളെ തീര്‍ത്തും നിസഹയരാക്കുന്നു. മാത്രമല്ല, വ്യാജ കോര്‍ഡിനേറ്റര്‍മാര്‍ ചെറിയ പെണ്‍കുട്ടികളെയും സ്ത്രീകളെയും മറ്റു പല ആവശ്യങ്ങള്‍ക്കുമായി ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്.


ALSO READ:  സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ല; അടിവരയിട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്


ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജോലിസമയം നിജപ്പെടുത്തിയിട്ടില്ല. രാവിലെ തുടങ്ങിയ പുലര്‍ച്ചെ വരെയൊക്കെ ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ടിവരും. അതിനിടെ വിശ്രമമോ, മതിയായ ഭക്ഷണമോ ഒന്നും ലഭിച്ചില്ലെന്നുംവരാം. ഷൂട്ടിങ്ങിനിടെ ഏതെങ്കിലും തരത്തിലുള്ള അപകടമോ പരുക്കോ സംഭവിച്ചാല്‍ പോലും ആശുപത്രി ചെലവ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പൊതുവേ നല്‍കാറില്ല. ഷൂട്ട് രാത്രി വൈകിയാണ് കഴിയുന്നതെങ്കില്‍പോലും താമസമോ, ഗതാഗത സൗകര്യമോ നല്‍കാറില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍നിന്ന് പണം സ്വീകരിക്കുന്ന നൂറോളം സംഘടനകള്‍ കേരളത്തിലുണ്ട്. പക്ഷേ, അവരുടെ ക്ഷേമത്തിനായി യാതൊന്നും ഇവര്‍ ചെയ്യുന്നില്ല. സംഘടനകളെ നിയന്ത്രിക്കാനോ, അവരുടെ ചൂഷണം അവസാനിപ്പിക്കാനോ സംവിധാനങ്ങളുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനൊക്കെ അപവാദമായി ചില സെറ്റുകളുണ്ടെങ്കിലും പൊതുവില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടേത് മോശം സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


KERALA
നാടിന്റെ നോവായി ഇര്‍ഫാന, മിത, റിദ, ആയിഷ; അപകടത്തിന് കാരണം സിമന്റ് ലോറിയുടെ അമിത വേഗതയെന്ന് നാട്ടുകാര്‍
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?