fbwpx
ലേഡി ബേര്‍ഡില്‍ നിന്നും ക്രിസ്റ്റീനിലേക്കുള്ള യാത്ര

ചെറുപ്പത്തിന്റെ അതായത് കൗമാര പ്രായത്തിന്റെ എല്ലാ പ്രശ്‌നങ്ങളും നമുക്ക് ലേഡി ബേര്‍ഡില്‍ കാണാം. അവള്‍ക്ക് അവളുടെ വ്യക്തിത്വത്തില്‍ വിശ്വാസമില്ല. ഒരു ഐഡെന്റിറ്റി ക്രൈസിസിലൂടെയാണ് അവള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അത് അവളുടെ എല്ലാ ബന്ധങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്

HOLLYWOOD MOVIE


"എനിക്ക് കാലിഫോര്‍ണിയയോട് വെറുപ്പാണ്. ഇവിടുത്തെ സ്‌കൂളുകളില്‍ എനിക്ക് പഠിക്കണ്ട. എനിക്ക് ഈസ്റ്റ് കോസ്റ്റിലാണ് പോകേണ്ടത്, ന്യൂയോര്‍ക്ക് പോലുള്ള സ്ഥലത്തേക്ക്...."

ഗ്രെറ്റാ ഗെര്‍വിഗിന്റെ ലേഡി ബേര്‍ഡ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ക്രിസ്റ്റീന്‍ മെക്‌ഫേഴ്‌സണിന്റെ വാക്കുകളാണ് ഇത്. ഹൈ സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജിലേക്ക് പോകാന്‍ ഒരുങ്ങുന്ന ക്രിസ്റ്റീന് സ്വന്തം സ്ഥലമായ കാലിഫോര്‍ണിയയില്‍ തന്നെ പഠിക്കാന്‍ ഒട്ടും താല്‍പര്യമില്ല. എന്നാല്‍ അവളുടെ അമ്മ മാരിയോണിന് അവള്‍ കാലിഫോര്‍ണിയയില്‍ തന്നെ പഠിക്കണമെന്നാണ് ആഗ്രഹം. അമ്മയും ക്രിസ്റ്റീനും തമ്മില്‍ അതേ കുറിച്ച് ഉണ്ടാകുന്ന വഴക്കില്‍ നിന്നാണ് ലേഡി ബേര്‍ഡ് ആരംഭിക്കുന്നത്.


ക്രിസ്റ്റീന്റെ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും അവള്‍ക്ക് ഒന്നിനോടും നന്ദിയില്ലെന്നും അമ്മ അവളോട് പറയുന്നു. അതിന് മറുപടിയായി അവള്‍ ചെയ്യുന്നത് ഓടി കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ചാടുക എന്നതായിരുന്നു. കൈ ഒടിഞ്ഞ സ്ഥിതിക്ക് ക്രിസ്റ്റീന്‍ അമ്മയുടെ തീരുമാനങ്ങളോട് യോജിക്കുമെന്ന് കരുതിയെങ്കില്‍ നമുക്ക് തെറ്റി. കാരണം അവള്‍ വാശിക്കാരിയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വാര്‍ഥയാണ് അവള്‍.

ക്രിസ്റ്റീന് കാലിഫോര്‍ണിയ മാത്രമല്ല അവളുടെ സ്വന്തം പേരും ഇഷ്ടമില്ല. ക്രിസ്റ്റീന്‍ അവള്‍ക്കായി സ്വയം കണ്ടെത്തിയ പേരാണ് 'ലേഡി ബേര്‍ഡ്'. അതെ ലേഡി ബേര്‍ഡാണ് നമ്മുടെ നായിക.



ALSO READ : മോഡേണ്‍ ഇന്ത്യന്‍ സ്ത്രീയെ പൊളിച്ചെഴുതിയ പീകു




ചെറുപ്പത്തിന്റെ അതായത് കൗമാര പ്രായത്തിന്റെ എല്ലാ പ്രശ്‌നങ്ങളും നമുക്ക് ലേഡി ബേര്‍ഡില്‍ കാണാം. അവള്‍ക്ക് അവളുടെ വ്യക്തിത്വത്തില്‍ വിശ്വാസമില്ല. ഒരു ഐഡെന്റിറ്റി ക്രൈസിസിലൂടെയാണ് അവള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അത് അവളുടെ എല്ലാ ബന്ധങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്. സൗഹൃദത്തിലും പ്രണയബന്ധത്തിലും മാതാപിതാക്കളുമായുള്ള ബന്ധത്തിലുമെല്ലാം.

ചില സമയത്ത് ലേഡി ബേര്‍ഡിന്റെ പെരുമാറ്റം കാണുമ്പോള്‍ പ്രേക്ഷകന് തോന്നും അവള്‍ക്ക് ജീവിതത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്ന്. എന്നാല്‍ അടുത്ത നിമിഷം അത് അവള്‍ മാറ്റി ചിന്തിപ്പിക്കും. അതിന് ഉദാഹരണമാണ് സിനിമയിലെ അബോര്‍ഷന്‍ സെമിനാര്‍ സീന്‍.

ലേര്‍ഡി ബേര്‍ഡ് പഠിക്കുന്നത് ഒരു കാത്തലിക് സ്‌കൂളിലാണ്. അതുകൊണ്ട് തന്നെ അവിടെ ആന്റി അബോര്‍ഷനെ കുറിച്ച് ഒരു സെമിനാര്‍ നടക്കുകയാണ്. അവിടെ വെച്ച് ലേര്‍ഡി ബേര്‍ഡ് സെമിനാര്‍ എടുക്കുന്ന അധ്യാപികയുമായി തര്‍ക്കിക്കുന്നുണ്ട്. അബോര്‍ഷന്‍ മോറലി തെറ്റല്ലെന്നാണ് ലേര്‍ഡി ബേര്‍ഡ് വാദിക്കുന്നത്. അതിന്റെ പേരില്‍ അവളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.

സസ്‌പെന്‍ഷന്‍ ലഭിച്ചത് അവളുടെ അമ്മ വലിയ പ്രശ്‌നമാക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ അമ്മ, നിന്നെ വളര്‍ത്താന്‍ എത്ര രൂപ ചിലവായി എന്ന് അറിയാമോ എന്ന് ചോദിക്കും. ദേഷ്യം വന്ന ലേഡി ബേര്‍ഡ്, അമ്മയോട് ഒരു നമ്പര്‍ പറയാന്‍ പറയുകയും അവള്‍ വലുതായതിന് ശേഷം ആ തുക അമ്മയ്ക്ക് തിരികെ നല്‍കുമെന്ന് പറയുകയും ചെയ്യുന്നു. എന്നാല്‍ ഷോക്ക് ആകുന്നതിന് പകരം അമ്മ പറയുന്നത്, അത്രയ്ക്ക് നല്ല ജോലി നിനക്ക് കിട്ടുമെന്ന് തോന്നുന്നില്ല എന്നാണ്.

അമ്മയും ലേഡി ബേര്‍ഡും എപ്പോഴും വഴക്കാണ്. അതുകൊണ്ട് കൂടിയാണ് അവള്‍ അമ്മ അറിയാതെ കാലിഫോര്‍ണിയക്ക് പുറത്തുള്ള സ്ഥലങ്ങളിലെ കോളേജുകളില്‍ അപേക്ഷ നല്‍കിയത്. അമ്മയും ലേഡി ബേര്‍ഡും തമ്മിലുള്ള ബന്ധം തന്നെയാണ് സിനിമയില്‍ ഉടനീളം പറഞ്ഞുവെക്കുന്നത്.

അതുപോലെ തന്നെ ലേഡി ബേര്‍ഡിന്റെ സൗഹൃദത്തിനും പ്രണയ ബന്ധത്തിനും എല്ലാം സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. ലേഡി ബേര്‍ഡിന്റെ അടുത്ത സുഹൃത്താണ് ജൂലി. ഇരുവരും ഒരുമിച്ച് സ്‌കൂളിലെ ഒരു നാടകത്തില്‍ പങ്കെടുക്കുന്നുണ്ട്. അവിടെ വെച്ചാണ് ലേഡി ബേര്‍ഡിന് തന്റെ ആദ്യ പ്രണയം ഉണ്ടാകുന്നത്. ഡാനി എന്ന സ്‌കൂളില്‍ തന്നെ പഠിക്കുന്ന ചെറുപ്പക്കാരനുമായി അവള്‍ അടുക്കുന്നു. പക്ഷെ ഏതൊരു ഹൈസ്‌കൂള്‍ പ്രണയം പോലെയും അതും വളരെ പെട്ടന്ന് തന്നെ ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. കാരണം ഡാനി ഗേയാണെന്ന് ലേഡി ബേര്‍ഡ് യാദൃശ്ചികമായി അറിയുകയും പിന്നീട് അവള്‍ക്ക് വലിയ രീതിയില്‍ ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാകുകയും ചെയ്യുന്നു. ഇതോടെ അവള്‍ ജൂലിയുമായുള്ള സൗഹൃദം നിര്‍ത്തി സ്‌കൂളിലെ പോപ്പുലറായ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നു. എന്നാല്‍ അതൊരിക്കലും ജൂലിയുമായുള്ള സൗഹൃദം പോലെയല്ല. കാരണം ജൂലിക്ക് മുന്നില്‍ ലേഡി ബേര്‍ഡിന് ഒന്നും മറയ്ക്കാനില്ല. പക്ഷെ പുതിയ സുഹൃത്തുക്കളോട് അവള്‍ അവളുടെ കുടുംബത്തെ കുറിച്ചും ഐഡന്റിറ്റിയെ കുറിച്ചുമെല്ലാം കള്ളങ്ങളാണ് പറയുന്നത്. അവളുടെ വീട്ടിലെ ജീവിതം ദിവസം തോറും വഷളായികൊണ്ടിരിക്കുന്നത് കൊണ്ട് കൂടിയാണ് അവള്‍ ഇത്തരത്തില്‍ പെരുമാറുന്നത്. കാരണം റിയാലിറ്റിയില്‍ നിന്നും രക്ഷപ്പെടാനാണ് ലേഡി ബേര്‍ഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.



ALSO READ : മിഥുനം : സുലോചനയും ഉട്ടോപ്യന്‍ ലോകവും




അവള്‍ക്ക് രണ്ടാമതായി ജീവിതത്തില്‍ ഉണ്ടാകുന്ന പ്രണയ ബന്ധവും ലേഡി ബേര്‍ഡിനെ തകര്‍ക്കുന്നുണ്ട്. കൈല്‍ എന്ന സ്വന്തമായി ബാന്‍ഡ് എല്ലാമുള്ള ഒരു പണക്കാരനായ പയ്യന്‍. അവനെയാണ് ഡാനിക്ക് ശേഷം ലേഡി ബേര്‍ഡ് പ്രണയിക്കുന്നത്. ലേഡി ബേര്‍ഡ് ആദ്യമായി സെക്‌സ് ചെയ്യുന്നതും അവനൊപ്പമാണ്. എന്നാല്‍ ലേഡി ബേര്‍ഡ് കരുതിയത് അവനും ആദ്യമായാണ് സെക്‌സ് ചെയ്യുന്നത് എന്നായിരുന്നു. പക്ഷെ അതല്ലെന്ന് അറിയുമ്പോള്‍ അവള്‍ ശരിക്കും തകര്‍ന്ന് പോകുന്നുണ്ട്.

ആ സംഭവത്തിന് ശേഷം ആരോട് സംസാരിക്കണമെന്ന് അറിയാത്ത ലേഡി ബേര്‍ഡ് അമ്മയുടെ അടുത്ത് തന്നെയാണ് പോകുന്നത്. അമ്മയുടെ അടുത്തെത്തി അവള്‍ കരയുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്തിനാണ് കരയുന്നതെന്ന് അമ്മയോട് പറയുന്നില്ല. അതിന് ഒരു കാരണം അവള്‍ക്ക് അത് എങ്ങനെ കമ്മ്യൂണികേറ്റ് ചെയ്യണമെന്ന് അറിയില്ല എന്നതാണ്. ഒരു പക്ഷെ അമ്മ ദേഷ്യപ്പെട്ടാലോ എന്ന ഭയവും ലേഡി ബേര്‍ഡിനുണ്ടാകും. അതുകൊണ്ട് അവള്‍ കരയുക മാത്രമാണ് ചെയ്യുന്നത്. സാധാരണ ഇങ്ങനെ സംഭവിക്കുമ്പോള്‍ അമ്മയും ലേഡി ബേര്‍ഡും തമ്മില്‍ തര്‍ക്കം ഉണ്ടാകാറാണ് പതിവ്. എന്നാല്‍ ഇവിടെ അങ്ങനെ സംഭവിക്കുന്നില്ല.

സിനിമ മുന്നോട്ട് പോകും തോറും ലേഡി ബേര്‍ഡും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുകയാണ് ചെയ്യുന്നത്. അമ്മയ്ക്ക് ലേഡി ബേര്‍ഡിനോട് ഇഷ്ടമുണ്ട് എന്നാല്‍ അത് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അറിയില്ല. എന്നാല്‍ ലേഡി ബേര്‍ഡിന് വേണ്ടതോ അതുമാത്രമാണ്. അവളുടെ അമ്മയുടെ സ്‌നേഹവും വാലിഡേഷനും.

എന്നാല്‍ ലേഡി ബേര്‍ഡിന്റെ അച്ഛന്‍ എപ്പോഴും അവള്‍ക്കൊപ്പമാണ്. അവള്‍ കാലിഫോര്‍ണിയക്ക് പുറത്ത് കോളേജുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അച്ഛന് മാത്രമെ അറിയുകയുള്ളൂ. ന്യൂയോര്‍ക്കിലെ ഒരു കോളേജില്‍ അവസാനം ലേഡി ബേര്‍ഡിന് അഡ്മിഷന്‍ ലഭിക്കുന്നുണ്ട്. അത് അമ്മ അറിയുമ്പോള്‍ സന്തോഷിക്കുന്നതിന് പകരം അവളോട് ഒരു മാസത്തോളം മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത്. അമ്മയ്ക്ക് താല്‍പര്യമില്ലെങ്കിലും ലേഡി ബേര്‍ഡ് അവസാനം ന്യൂയോര്‍ക്കിലേക്ക് പോകുന്നു.

അവിടെ എത്തിയ ശേഷം ലേഡി ബേര്‍ഡിന് അമ്മ അവള്‍ക്കായി എഴുതിയ കത്തുകള്‍ ലഭിക്കുന്നുണ്ട്. അത് വായിച്ചപ്പോള്‍ അവള്‍ക്ക് അമ്മ എത്രത്തോളം തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഉണ്ടാകുന്നു. അതിന് ശേഷം അവള്‍ ലേഡി ബേര്‍ഡ് എന്ന പേര് ഉപേക്ഷിച്ച് അമ്മ നല്‍കിയ ക്രിസ്റ്റീന്‍ എന്ന പേര് തന്നെ സ്വീകരിക്കയാണ് ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ആദ്യത്തെ രാത്രിയില്‍ ലേഡി ബേര്‍ഡ് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്. അവിടെ വെച്ച് ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുമ്പോള്‍ അയാളോട് സ്വന്തം പേര് ക്രിസ്റ്റീന്‍ ആണെന്നാണ് അവള്‍ പറയുന്നത്.



ALSO READ : Pieces of a Woman: മാർത്തയുടെ ശരിവഴികള്‍




ആ രാത്രിക്ക് ശേഷം രാവിലെ അവള്‍ ഉണരുന്നത് ആശുപത്രിയിലാണ്. അധികമായി മദ്യപിച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീന്‍ ആശുപത്രിയില്‍ ആകുന്നു്. അവിടെ നിന്ന് പുറത്തിറങ്ങിയ അവള്‍ അമ്മയെ ഫോണ്‍ ചെയ്ത്, എത്രത്തോളം താന്‍ അമ്മയോട് നന്ദിയുള്ളവളാണെന്ന് പറയുകയാണ് ചെയ്യുന്നത്. അമ്മയോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നുണ്ട് ക്രിസ്റ്റീന്‍. അതോടെയാണ് സിനിമ അവസാനിക്കുന്നത്.

ലേഡി ബേര്‍ഡില്‍ നിന്നും ക്രിസ്റ്റീനിലേക്കുള്ള അവളുടെ യാത്രയാണ് സിനിമയില്‍ സംഭവിക്കുന്നത്. സ്വന്തം അമ്മയും കൂടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ വിശ്വസിച്ചില്ലെങ്കിലും സ്വന്തം സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ക്രിസ്റ്റീന്‍ ശ്രമിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലേക്ക് അവള്‍ എത്തിപ്പെടുന്നുണ്ട്. ഇനി എന്തെന്ന് തീരുമാനിക്കേണ്ടതും ക്രിസ്റ്റീന്‍ തന്നെയാണ്. കൗമാരക്കാരിയായ പെണ്‍കുട്ടിയായിരുന്നു ലേഡി ബേര്‍ഡ് എന്നാല്‍ ക്രിസ്റ്റീനിലേക്കുള്ള യാത്രയില്‍ അവള്‍ മുതിര്‍ന്ന ഒരു സ്ത്രീയായി മാറിയിരിക്കുകയാണ്. അഡള്‍ട്ഹുഡിന്റെ തുടക്കത്തിലാണ് ക്രിസ്റ്റീന്‍ ഇപ്പോള്‍... അതുകൊണ്ട് തന്നെയാണ് ന്യൂയോര്‍ക്കിലെത്തിയ അവള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത്. അമ്മയെ അവള്‍ വിളിക്കുന്നതും.

ക്രിസ്റ്റീനിലൂടെ ഗ്രെറ്റ പറഞ്ഞത് നമ്മുടെയെല്ലാം കഥ തന്നെയാണ്. മാതാപിതാക്കളുമായുള്ള തര്‍ക്കവും ഐഡന്റിറ്റി ക്രൈസിസും എല്ലാം കൗമാര പ്രായത്തില്‍ ഉണ്ടാകുന്ന കാര്യമാണ്. അഡള്‍ട്ഹുഡിലേക്കുള്ള യാത്രയില്‍ നമ്മള്‍ എല്ലാവരും പല കാര്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടാകും. നമ്മുടെ തീരുമാനങ്ങള്‍ പലതും ശരിയായിരുന്നെന്നും തെറ്റായിരുന്നെന്നും എല്ലാം. സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് പറയുന്നതും അത് തന്നെയാണ്. ജീവിതം അങ്ങനെയാണ്, അണ്‍എക്‌സ്‌പെക്റ്റഡ്. അത് ക്രിസ്റ്റീനും തിരിച്ചറിയുകയാണ് സിനിമയുടെ അവസാനം. എന്തെല്ലാം പ്രതിസന്ധികള്‍ വന്നപ്പോഴും ക്രിസ്റ്റീന്‍ തന്നിലുള്ള വിശ്വാസം കൈവിട്ടിരുന്നില്ല. അവളെ കാലിഫോര്‍ണിയയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തിച്ചതും ആ വിശ്വാസം തന്നെയാണ്.

KERALA
കടുവ ആക്രമണം; ഡിഎഫ്ഒയെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല, വനം മന്ത്രിയുടെ വാദം തെറ്റെന്ന് എംഎൽഎ എ. പി. അനിൽകുമാർ
Also Read
user
Share This

Popular

NATIONAL
KERALA
പാകിസ്ഥാനെ പിന്തുണച്ച് തുർക്കി നഷ്ടപ്പെടുത്തിയത് ഇന്ത്യയുടെ സൗഹൃദം, തിരിച്ചടി വിനോദസഞ്ചാര മേഖലയിൽ