സിപിഐഎം പ്രാദേശിക നേതാവായ സുധീർ തോമസിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്
കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷത്തോളം രൂപയുടെ സ്വർണം ജീവനക്കാരൻ കവർന്നു. ഇരിട്ടി ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് കവർച്ച നടന്നത്. ബാങ്ക് ജീവനക്കാരനും താല്‍ക്കാലിക കാഷ്യറുമായ സുധീർ തോമസാണ് തട്ടിപ്പ് നടത്തിയത്.
Also Read: വാങ്ങിയ സാധനങ്ങൾ തിരിച്ചെടുത്തില്ല; കടക്കാരനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പതിനഞ്ചുകാരി
സിപിഐഎം പ്രാദേശിക നേതാവായ സുധീർ തോമസിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് സെക്രട്ടറി അനീഷ് കുര്യന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. സ്ട്രോങ് റൂമില്‍ 18 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വർണം എടുത്ത് പകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. ഇയാൾ ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണം മോഷ്ടിക്കുകയും ചെയ്തു. തിരിമറിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഏപ്രിൽ 29നും മെയ് ഒന്നിനും ഇടയിലാണ് ബാങ്കിൽ തിരിമറി നടന്നതെന്നാണ് പൊലീസ് പറയുന്നത്. ബാങ്കില്‍ പണയംവെച്ചിരുന്ന സ്വർണം തിരികെയെടുത്ത പ്രവാസിയാണ് പറ്റിക്കപ്പെട്ടതായി ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്കിലെ ജീവനക്കാരനായിരുന്ന സുധീറിന് അടുത്തകാലത്താണ് താൽക്കാലിക ക്യാഷറുടെ ചുമതല ലഭിക്കുന്നത്. ഇങ്ങനെയാണ് ഇയാൾക്ക് ബാങ്കിന്റെ സ്ട്രോങ് റൂമിന്റെ ചുമതല ലഭിച്ചത്. നിലവിൽ സുധീർ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്.